പ്രതിപക്ഷ നേതാവിനെ ആള്‍ക്കൂട്ടം എടുത്തുപൊക്കുന്നു; ഒരു മന്ത്രിയും കൊവിഡ് പ്രോട്ടോകോള്‍ ലംഘിക്കുന്നതിന് നേതൃത്വം നല്‍കുന്നില്ലെന്നും മുഖ്യമന്ത്രി

Posted on: February 5, 2021 6:54 pm | Last updated: February 6, 2021 at 8:16 am

തിരുവനന്തപുരം | മന്ത്രിമാര്‍ നേതൃത്വം നല്‍കുന്ന അദാലത്തില്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍, പ്രതിപക്ഷ നേതാവ് നേതൃത്വം നല്‍കുന്ന കേരള യാത്രയില്‍ നിറയെ കൊവിഡ് പ്രോട്ടോകോള്‍ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

അദാലത്തില്‍ ഓരോരുത്തര്‍ക്കും അനുവദിക്കപ്പെട്ട സമയത്ത് സീറ്റില്‍ നിന്ന് എഴുന്നേറ്റ് മന്ത്രിമാര്‍ക്കരികിലെത്തി പരാതി നല്‍കുന്ന രീതിയാണുള്ളത്. ഒരു മേശക്കപ്പുറത്താണ് മന്ത്രിമാര്‍ ഇരിക്കുന്നത്. ഓരോരുത്തര്‍ക്കും ഇരിക്കാന്‍ പ്രത്യേക സീറ്റും ഒരുക്കിയിട്ടുണ്ട്.

അകലെ നിന്ന് എടുക്കുന്ന ഫോട്ടോ കാണുമ്പോള്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കുന്നതെന്നും കൂടിനില്‍ക്കുകയാണെന്നും തോന്നുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രതിപക്ഷ നേതാവിന്റെ യാത്രയില്‍ നിറയെ കൊവിഡ് പ്രോട്ടോകോള്‍ ലംഘനമാണ്. യാത്രാ നായകനെ ജനങ്ങള്‍ തോളിലേറ്റി വേദിയിലേക്ക് ആനയിക്കുന്ന രീതിയാണുള്ളത്.

പല സ്ഥലങ്ങളിലും ഇത് ആവര്‍ത്തിച്ചു. ഒരാളുടെ സമ്മതമില്ലാതെ എടുത്തുയുര്‍ത്താന്‍ സാധിക്കുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.