Connect with us

Kerala

മുഖ്യമന്ത്രിയെ ജാതി പറഞ്ഞ് ആക്ഷേപിച്ചിട്ടില്ല; അഴിമതിക്കാരന്‍ ആയതിനെയാണ് വിമര്‍ശിച്ചത്: കെ സുധാകരന്‍

Published

|

Last Updated

ന്യൂഡല്‍ഹി | മുഖ്യമന്ത്രി പിണറായി വിജയനെതിരെ താന്‍ നടത്തിയ പരാമര്‍ശത്തെ വൈകിയാണെങ്കിലും പാര്‍ട്ടി അംഗീകരിച്ചതില്‍ സംതൃപ്തി പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. മുഖ്യമന്ത്രിയെ ചെത്തുകാരന്റെ മകന്‍ എന്ന് പരാമര്‍ശിച്ച സംഭവത്തില്‍ സുധാകരനെതിരെ ആദ്യം രംഗത്തു വന്നിരുന്നു. എന്നാല്‍ പിന്നീട്, സുധാകരന് പിന്തുണ പ്രഖ്യാപിച്ചു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സുധാകരന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹുമാനം അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചിട്ടില്ല. തൊഴിലിനെ കുറിച്ച് പറയുന്നത് എങ്ങനെയാണ് അപമാനമാകുന്നത്. തൊഴില്‍ അഭിമാനമാണ്. അധ്വാനത്തിന്റെ അഭിമാനത്തെ ആരും ചോദ്യം ചെയ്തിട്ടില്ല. ഓരോ വ്യക്തിയും വളരുന്ന സാഹചര്യങ്ങള്‍ അവരുടെ ദര്‍ശനങ്ങളെ സ്വാധീനിക്കും. അങ്ങനെ സ്വാധീനിക്കുക തന്നെയാണ് വേണ്ടതും.

ഒരാവശ്യവുമില്ലാത്ത കാര്യത്തിലാണ് ഷാനിമോള്‍ ഉസ്മാന്‍ ഇടപെട്ടത്. തന്റെ പരാമര്‍ശത്തിനെതിരെ സി പി എമ്മുകാര്‍ പ്രതികരിക്കാന്‍ കാരണം ഷാനിമോളുടെ പ്രതികരണമാണ്. തെറ്റ് മനസ്സിലാക്കി ഷാനിമോള്‍ തിരുത്തിയതിനെ ആദരവോടെ സ്വീകരിക്കുന്നു. പ്രതിപക്ഷ നേതാവും പറഞ്ഞത് തിരുത്തിയിട്ടുണ്ട്. പാര്‍ട്ടി വൈകിയാണെങ്കിലും താന്‍ പറഞ്ഞതിനെ അംഗീകരിച്ചതില്‍ സംതൃപ്തിയുണ്ട്. സുധാകരന്‍ വ്യക്തമാക്കി.

ഗൗരിയമ്മയെ ഇ എം എസും കോണ്‍ഗ്രസ് നേതാവ് കുട്ടപ്പനെ നായനാരും ജാതി പറഞ്ഞ് ആക്ഷേപിച്ചിട്ടുണ്ട്. ഷാനിമോളെയും ലതികാ സുഭാഷിനെയും രമ്യ ഹരിദാസിനെയും അപമാനിച്ചിട്ടില്ലേ. എന്‍ കെ പ്രേമചന്ദ്രനെ കുറിച്ച് പിണറായി പറഞ്ഞ വാക്കുകള്‍ ഇപ്പോഴും നമ്മുടെ മുന്നിലില്ലേ. സ്വാതന്ത്ര്യ സമര സേനാനി ഗോപാലനെ അട്ടംപരതി ഗോപാലന്‍ എന്നു വിളിച്ചയാളാണ് പിണറായി. ഒരു ബഹുമാനവും പിണറായി അര്‍ഹിക്കുന്നില്ലെന്ന് ഇതില്‍ നിന്നെല്ലാം വ്യക്തമല്ലേ- സുധാകരന്‍ ചോദിച്ചു.

രാഷ്ട്രീയത്തില്‍ മാത്രമാണ് പിണറായി തന്റെ എതിരാളിയെന്നും അദ്ദേഹം അഴിമതിക്കാരന്‍ ആയതിനെയാണ് വിമര്‍ശിച്ചതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.