എന്റെ പിഴ, എന്റെ വലിയ പിഴ; സുധാകരനോട് ക്ഷമ ചോദിച്ച് ഷാനിമോള്‍ ഉസ്മാന്‍

Posted on: February 5, 2021 11:04 am | Last updated: February 6, 2021 at 8:16 am

തിരുവനന്തപുരം | കെ സുധാകരന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ടുള്ള തന്റെ പ്രതികരണത്തില്‍ സുധാകരനോടും കോണ്‍ഗ്രസ് നേതാക്കളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും ക്ഷമ ചോദിച്ച് ഷാനിമോള്‍ ഉസ്മാന്‍ എം എല്‍ എ. സുധാകരനെ വിമര്‍ശിച്ചത് തന്റെ പിഴവാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ ഒരു നേതാവിനും പങ്കില്ല. വിവാദം അവസാനിപ്പിക്കണമെന്ന് ഷാനിമോള്‍ ഉസ്മാന്‍ ഫേസ് ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ രൂപം:
കഴിഞ്ഞ ദിവസം ഞാന്‍ ബഹുമാന്യ ശ്രീ കെ സുധാകരന്‍ എം പി നടത്തിയ ഒരു പ്രസംഗത്തോടനുബന്ധിച്ചു ഒരു ചാനലില്‍ നല്‍കിയ പ്രതികരണം വലിയ വിവാദമായതില്‍ വലിയ വിഷമമുണ്ട്. മന്ത്രി ശ്രീ സുധാകരന്‍ എന്നെയും ശ്രീ വി എസ് ലതികാ സുഭാഷിനെയും ശ്രീ വിജയരാഘവന്‍ രമ്യ ഹരിദാസ് എം പി യേയും കൂടാതെ നിരവധി വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഞാനടക്കം ഉള്ളവര്‍ക്കുണ്ടാക്കിയിട്ടുള്ള മനപ്രയാസവും പ്രതിഷേധവും മായാതെ നില്‍ക്കുന്നത് കൊണ്ട്, എന്റെ പാര്‍ട്ടിയുടെ ആരും ഇത്തരത്തില്‍ പ്രതികരിക്കരുതെന്ന് ആഗ്രഹിച്ചിരുന്നു. ആയതിനാല്‍ ബഹു. കെ സുധാകരന്‍ എം പിയോട് ഒന്ന് ഫോണില്‍ സംസാരിക്കാതെ പോലും പെട്ടെന്ന് പ്രതികരിച്ചത് എന്റെ പിഴവാണ്. എന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏറെ പിന്തുണയും പ്രോത്സാഹനവും നല്‍കുകയും അരൂര്‍ ബൈ ഇലക്ഷനില്‍ പോലും ദിവസങ്ങളോളം എന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത ബഹു. കെ സുധാകരന്‍ അവര്‍കള്‍ക്കുണ്ടായ വ്യക്തിപരമായ പ്രയാസത്തില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ഒപ്പം എന്റെ പ്രതികരണത്തിലൂടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുണ്ടായ പ്രയാസത്തില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു, ഞാന്‍ നടത്തിയ പ്രതികരണത്തില്‍ പാര്‍ട്ടിയുടെ ഒരു നേതാവിനും യാതൊരു ബന്ധവുമില്ല എന്നും അറിയിക്കുന്നു. ഈ വിവാദം ഇവിടെ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.