Connect with us

National

കര്‍ഷക സമരത്തെ പിന്തുണച്ച ഗ്രെറ്റ തുന്‍ബെര്‍ഗിനെതിരെ കേസെടുത്ത് ഡല്‍ഹി പോലീസ്

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്രത്തിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരേ സമരം ചെയ്യുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗിനെതിരെ ഡല്‍ഹി പോലീസ് കേസെടുത്തു. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുള്ള ട്വീറ്റുകളുമായി ബന്ധപ്പെട്ടാണ് കേസ്. കര്‍ഷക സമരം നടക്കുന്ന സ്ഥലത്ത് ഇന്റര്‍നെറ്റ് ഉള്‍പ്പെടെ വിച്ഛേദിച്ച സര്‍ക്കാര്‍ നടപടിയെ കുറിച്ചുള്ള സി എന്‍ എന്‍ വാര്‍ത്തയും അവര്‍ ട്വിറ്റര്‍ കുറിപ്പിനൊപ്പം പങ്കുവച്ചിരുന്നു. രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷം പരത്താന്‍ ശ്രമിക്കുകയും ക്രിമിനല്‍ ഗൂഢാലോചന നടത്തുകയും ചെയ്തുവെന്നാണ് ഗ്രെറ്റക്കെതിരായ ആരോപണം.

കര്‍ഷക സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാന ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് ചൊവ്വാഴ്ച ഗ്രെറ്റയും ട്വീറ്റ് ചെയ്തത്. കര്‍ഷക സമരത്തെ പിന്തുണയ്ക്കാന്‍ സഹായകരമായ ടൂള്‍കിറ്റ് പങ്കുവെച്ചുകൊണ്ട് വ്യാഴാഴ്ചയും ഗ്രെറ്റ ട്വീറ്റ് ചെയ്തു. ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് ആഗോളതലത്തില്‍ ഏതെല്ലാം തരത്തില്‍ പിന്തുണയേകാമെന്നും പ്രതിഷേധിക്കാമെന്നുമാണ് ടൂള്‍കിറ്റ് വീശദീകരിക്കുന്നത്. ഫെബ്രുവരി 13, 14 തീയതികളില്‍ സമീപത്തെ ഇന്ത്യന്‍ എംബസി, മാധ്യമ സ്ഥാപനങ്ങള്‍, പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രതിഷേധിക്കാനും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ പങ്കുവെക്കാനും ഇതില്‍ നിര്‍ദേശിക്കുന്നു.