തല, കഴുത്ത് അര്‍ബുദത്തിന്റെ കാരണം ജീവിതശൈലിയോ?

ഫെബ്രു.4: ലോക അര്‍ബുദ ദിനം
Posted on: February 4, 2021 3:55 pm | Last updated: February 4, 2021 at 3:55 pm

ഭേദമാകാത്ത മുഴ, കുരു, തുടര്‍ച്ചയായുണ്ടാകുന്ന തൊണ്ടവേദന, വിഴുങ്ങാനുള്ള പ്രയാസം, ശബ്ദത്തില്‍ മാറ്റമോ തൊണ്ടയടപ്പോ തുടങ്ങിയവയാണ് തലയെയും കഴുത്തിനെയും ബാധിക്കുന്ന അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍.

ട്യൂമര്‍ സ്ഥിതി ചെയ്യുന്ന കൃത്യമായ സ്ഥലം, ക്യാന്‍സറിന്റെ ഘട്ടം, പ്രായം, ആരോഗ്യ സ്ഥിതി ഉള്‍പ്പെടെയുള്ള ഘടകങ്ങളെ അവലംബിച്ചാണ് ചികിത്സ ഫലപ്രദമാകുക. രോഗത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നതാണ് ഉത്തമം. ശസ്ത്രക്രിയ, റേഡിയേഷന്‍ തെറാപ്പി, കീമോ തെറാപ്പി, ഇമ്യൂണോതെറാപ്പി പോലുള്ള ചികിത്സകള്‍ ലഭ്യമാണ്.

പുകയില (ചവക്കുന്നതടക്കം) ഉപയോഗം, മദ്യപാനം തുടങ്ങിയവയാണ് പ്രധാന കാരണങ്ങള്‍. ലൈംഗികബന്ധത്തിനിടെ വദനസുരതം ചെയ്യുന്നവരിലുമുണ്ടാകും. ഈ അര്‍ബുദത്തിന് ചികിത്സക്ക് വിധേയമാകുന്നവരില്‍ തല, കഴുത്ത്, ശ്വാസകോശം, അന്നനാളം തുടങ്ങിയവയില്‍ പുതിയ അര്‍ബുദം വരാനുള്ള സാധ്യത കൂടുതലാണ്.

പുകവലിയും മദ്യപാനവും ഒഴിവാക്കുക, സുരക്ഷിതമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുക, കൂടുതല്‍ നേരം വെയില്‍ കൊള്ളാതിരിക്കുക, പൊടി, വിഷാംശമുള്ള പുക തുടങ്ങിയവ ഏല്‍ക്കാതിരിക്കാന്‍ മാസ്‌ക് ധരിക്കുക തുടങ്ങിയവയാണ് തല, കഴുത്ത് അര്‍ബുദം തടയാനുള്ള മാര്‍ഗങ്ങള്‍.

ALSO READ  കുടലിലെ അര്‍ബുദം നേരത്തേയറിയാന്‍ ചെലവ് കുറഞ്ഞ മാര്‍ഗം കണ്ടെത്തി ഗവേഷകര്‍