Connect with us

Articles

പോക്‌സോ വിധികളിലെ അനീതി

Published

|

Last Updated

കോടതികൾ ഭരണഘടനാനുസൃതമായി രാജ്യത്തെ നിയമങ്ങൾ നടപ്പിലാക്കാനുള്ള ഉന്നതമായ സ്ഥാപനങ്ങളാണ്. സുപ്രീം കോടതിക്കും ഹൈക്കോടതികൾക്കും നമ്മുടെ ഭരണഘടനയെയും ഇവിടുത്തെ നിയമങ്ങളെയും ഉയർത്തിപ്പിടിക്കാനുള്ള ബാധ്യതയുണ്ട്.

ഓരോ സംസ്ഥാനത്തിനും ആ സംസ്ഥാനത്തിനുളളിൽ അധികാര പരിധിയോടുകൂടി ഓരോ ഹൈക്കോടതിയുണ്ട്. ഓരോ ഹൈക്കോടതിയും കോർട്ട് ഓഫ് റെക്കോഡ് ആണ്. കോർട്ട് അലക്ഷ്യത്തിന് ശിക്ഷിക്കാനുള്ള അധികാരം ഉൾപെടെ ഒരു റെക്കോഡ് കോടതിയുടെ എല്ലാ അധികാരവും അതിനുണ്ടായിരിക്കും. സുപ്രീം കോടതിക്കോ നിയമസഭക്കോ കോർട്ട് അലക്ഷ്യത്തിന് ശിക്ഷിക്കാനുള്ള ഹൈക്കോടതിയുടെ അധികാരത്തെ ചോദ്യം ചെയ്യാൻ കഴിയുകയില്ല.

സ്വതന്ത്ര ജുഡീഷ്യൽ സ്ഥാപനമെന്ന നിലയിൽ ഹൈക്കോടതിയുടെ പ്രവർത്തനത്തെ ബാധിക്കത്തക്കവിധം സുപ്രീം കോടതിക്ക് പ്രത്യക്ഷത്തിലുള്ള യാതൊരു അധികാരവും ഭരണഘടന നൽകുന്നില്ല. ഹൈക്കോടതികളുടെ ഘടനയെയോ രൂപവത്കരണത്തെയോ മാറ്റിമറിക്കാനോ അവയുടെ മേൽ നിയന്ത്രണം പാലിക്കാനോ സംസ്ഥാന സർക്കാറിനോ സംസ്ഥാന നിയമസഭക്കോ കഴിയുകയുമില്ല.

ഭരണഘടനയിലെ ആർട്ടിക്കിൾ 227 പ്രകാരം പട്ടാളക്കാരുടെ ട്രൈബ്യൂണൽ ഒഴികെ സ്വന്തം അധികാര പരിധിയിൽ വരുന്ന എല്ലാ കോടതികളുടെയും ട്രൈബ്യൂണലുകളുടെയും മുകളിൽ ഹൈക്കോടതിക്ക് അധികാരമുണ്ട്. 228ാം വകുപ്പ് അനുസരിച്ച് കീഴ്‌ക്കോടതികളിൽ നിന്നും ഭരണഘടനാപരമായ കേസുകൾ ഹൈക്കോടതിയിലേക്ക് മാറ്റുവാൻ അവക്ക് അധികാരമുണ്ട്. ഇത്തരം അധികാരം ഹൈക്കോടതിക്ക് ഭരണഘടനാ നിർമാതാക്കൾ കൊടുത്തിരിക്കുന്നത് കീഴ്‌ക്കോടതികളിൽ ഭരണഘടനാപരമായ വ്യാഖ്യാനങ്ങൾക്ക് സ്വാഭാവികമായും ഉണ്ടാകുന്ന പെരുപ്പം തടയുവാൻ വേണ്ടിയാണ്. സുപ്രീം കോടതിക്ക് പുറമേ ഓരോ ഹൈക്കോടതിക്കും ഭരണഘടനയെ വ്യാഖ്യാനിക്കാനുള്ള അധികാരം ഉണ്ടെന്നത് സുപ്രധാനമായ ഒന്നാണ്.

രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ക്രൂരവും മനുഷ്യത്വരഹിതവുമായ പീഡനങ്ങൾ ദിനംപ്രതി വർധിക്കുകയാണ്. ഇത് തടയാൻ ഇന്ത്യൻ പീനൽകോഡിൽ നിലവിലുളള നിയമങ്ങൾ അപര്യാപ്തമാണെന്ന് കണ്ടതുകൊണ്ടാണ് പോക്‌സോ നിയമം കൊണ്ടുവന്നത്. പോക്‌സോ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള നിയമനടപടികൾ കൈക്കൊണ്ടിട്ടുപോലും സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾക്ക് കുറവില്ല. ഈ അവസ്ഥയിൽ കോടതികൾ കർക്കശമായി തന്നെ ശിക്ഷ വിധിക്കേണ്ടതാണ്. പോക്‌സോ വകുപ്പ് അനുസരിച്ച് ചാർജ് ചെയ്തതും കോടതി ശിക്ഷിച്ചതുമായ ഒരാളുടെ മേലുള്ള കുറ്റം പോക്‌സോയുടെ പരിധിയിൽ വരുന്നതല്ലെന്നും വെറും ലൈംഗികാതിക്രമം മാത്രമാണെന്നും ബോംബെ ഹൈക്കോടതി വിധിച്ചത് ഈ സാഹചര്യത്തിൽ ഗൗരവത്തോടെ കാണണം. പോക്‌സോ നിലനിൽക്കില്ലെന്ന ഈ ന്യായം പറഞ്ഞ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബഞ്ച് ശിക്ഷയിൽ വലിയ ഇളവ് നൽകിയിരിക്കുകയാണ്.

വിവസ്ത്രയാക്കാതെയും ചർമത്തിൽ തൊടാതെയും ഒരു കുട്ടിയുടെ ദേഹത്ത് മോശം രീതിയിൽ സ്പർശിച്ചാൽ അത് ലൈംഗികപീഡനം ആകില്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിധി ഞെട്ടിപ്പിക്കുന്ന ഒന്നായിരുന്നു. ഹൈക്കോടതിയുടെ നാഗ്പൂർ ബഞ്ചിലെ ജസ്റ്റിസ് പുഷ്പ ഗനേഡിവാല അധ്യക്ഷയായ സിംഗിൾ ബഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. പേരയ്ക്ക തരാമെന്ന് പറഞ്ഞ് വീടിനടുത്തേക്ക് വിളിച്ചുവരുത്തി പന്ത്രണ്ടുകാരിയെ സതീഷ് (39) എന്ന അയൽവാസി ഷാൾ മാറ്റി മാറിടത്തിൽ സ്പർശിച്ച കേസ് പരിഗണിക്കവേയാണ് ഈ വിധി ഉണ്ടായിരിക്കുന്നത്.

പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ കേസെടുത്ത കോടതി പ്രതിയെ ഇന്ത്യൻ ശിക്ഷാ നിയമം സെക്്ഷൻ 354, 342 വകുപ്പ് പ്രകാരം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഇതിനെതിരെ പ്രതി ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബഞ്ചിൽ അപ്പീൽ നൽകുകയായിരുന്നു.

സംഭവത്തിൽ പോക്‌സോ നിലനിൽക്കില്ലെന്ന വിചിത്രമായ പരാർശമാണ് ബോംബെ ഹൈക്കോടതി നടത്തിയത്. പോക്‌സോ ചുമത്തണമെങ്കിൽ പ്രതി വസ്ത്രം മാറ്റി ശരീരത്തിൽ സ്പർശിക്കണമെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. പ്രതി മാറിടത്തിൽ പിടിച്ചെന്ന് പറയുന്നത് വസ്ത്രത്തിന് പുറത്ത് കൂടിയാണ്. ഇത് ലൈംഗികാതിക്രമമല്ല. ശരീരത്തിൽ നേരിട്ട് സ്പർശിക്കാത്ത പക്ഷം സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് മാത്രം ചുമത്താം. പെൺകുട്ടിയുടെ രഹസ്യഭാഗങ്ങളിൽ വസ്ത്രത്തിന്റെ മറയില്ലാതെ തൊടുകയോ പ്രതിയുടെ ലൈംഗികാവയവത്തിൽ തൊടിയിക്കുകയോ ചെയ്താൽ മാത്രമേ പോക്‌സോ ചുമത്താൻ സാധിക്കൂ എന്നാണ് ജഡ്ജി വിധിച്ചത്.

പ്രതിക്കെതിരെ പോക്‌സോയിലെ വകുപ്പുകൾ ചുമത്താതെ, ലൈംഗികാതിക്രമമെന്ന താരതമ്യേന കുറഞ്ഞ വകുപ്പ് ചുമത്തി ഒരു വർഷത്തെ തടവ് ശിക്ഷക്കാണ് വിധിച്ചത്. ഇതേ കേസിൽ പോക്‌സോ ചുമത്തിയിരുന്നെങ്കിൽ പ്രതിക്ക് കുറഞ്ഞത് മൂന്ന് വർഷത്തെ തടവ് ശിക്ഷ ലഭിക്കുമായിരുന്നു.

അഭിഭാഷകരായ ഏതാനും യുവതികൾ (യൂത്ത് ബാർ അസോസിയേഷൻ) ഈ വിധിക്കെതിരായി സുപ്രീം കോടതിയിൽ ഉടൻ തന്നെ അപ്പീൽ ഹരജി സമർപ്പിച്ചു. അറ്റോർണി ജനറൽ ഈ ഹരജിക്ക് അനുകൂലമായ നിലപാട് കൈക്കൊള്ളുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം തന്നെ പരമോന്നത കോടതി ഈ അപ്പീൽ ഹരജി പരിഗണനക്കെടുക്കുകയും ചെയ്തു.

ഹൈക്കോടതിയുടെ വിചിത്ര വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. വിഷയം അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ച് ഇടപെട്ടത്. മുമ്പ് ഉണ്ടാകാത്തതും അപകടകരമായ കീഴ്‌വഴക്കം ഉണ്ടാക്കാവുന്നതുമായ വിധിയാണിതെന്ന് എ ജി ചൂണ്ടിക്കാട്ടി. വിഷയത്തിൽ സുപ്രീം കോടതി മഹാരാഷ്ട്ര സർക്കാറിന് നോട്ടീസ് അയച്ചു. രണ്ടാഴ്ചക്കകം മറുപടി നൽകണമെന്ന് നിർദേശിക്കുകയും വിധിക്കെതിരെ അപ്പീൽ ഫയൽ ചെയ്യാൻ എ ജിയോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെടുകയും ചെയ്തു. 12കാരിയെ പീഡിപ്പിച്ച 39കാരനായ പ്രതി പോക്‌സോ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം കുറ്റക്കാരനാണെന്ന സെഷൻസ് കോടതിയുടെ വിധിയാണ് ഹൈക്കോടതി ഭേദഗതി വരുത്തിയത്.

തന്റെ തെറ്റായ വിധിക്കെതിരായി സുപ്രീം കോടതി വിധിന്യായം വന്നിട്ടും വസ്തുതകളുടെ അടിസ്ഥാനത്തിൽ വിധി പറയാൻ ബോംബെ ഹൈക്കോടതി തയ്യാറല്ലെന്ന് വിളിച്ചറിയിക്കുന്നതാണ് ഈ കോടതിയുടെ തന്നെ കഴിഞ്ഞ ദിവസത്തെ പോക്‌സോ സംബന്ധിച്ച മറ്റൊരു വിധി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുമ്പിൽ വെച്ച് പാന്റ്്സിന്റെ സിപ്പ് ഊരിയ കേസിൽ മറ്റൊരു വിചിത്ര വിധിയുമായി ബോംബെ ഹൈക്കോടതി വീണ്ടും രംഗത്തുവന്നിരിക്കുന്നു.

പോക്‌സോ വകുപ്പിന്റെ പരിധിയിൽപ്പെടുന്ന ലൈംഗികാതിക്രമമായി പ്രവർത്തിയെ കണക്കാക്കാൻ പറ്റില്ലെന്നാണ് കോടതിയുടെ പുതിയ ഉത്തരവ്. ജസ്റ്റിസ് പുഷ്പ ഗനേഡിവാലെയുടേത് തന്നെയാണ് ഈ പുതിയ ഉത്തരവും. അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 50കാരനെതിരെ പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് ഈ നിരീക്ഷണം. സ്വകാര്യ ഭാഗങ്ങളിൽ സ്പർശനം നടക്കാത്തതുകൊണ്ട് കേസ് ലൈംഗിക പീഡനത്തിന്റെ പരിധിയിൽ വരില്ലെന്നും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന കേസ് മാത്രമേ നിലനിൽക്കൂ എന്നുമായിരുന്നു കോടതി വിധി. അതിനാൽ സെക്്ഷൻ 354 എ (1) ഐ പി സി പ്രകാരമാണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ഈ കുറ്റത്തിന് പരമാവധി മൂന്ന് വർഷം വരെ മാത്രമാണ് തടവ് ലഭിക്കുക.

ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ ഈ രണ്ട് വിധികളും വലിയ വിമർശത്തിന് വിധേയമായിരിക്കുകയാണ്. ഇത്തരം ഉത്തരവുകൾ പുറപ്പെടുവിച്ച ഒരു ജഡ്ജി ഒരു ജുഡീഷ്യൽ അക്കാദമിയുടെ ഡെപ്യൂട്ടി ഡയറക്ടർ ആണ് എന്നത് നിരാശാജനകമാണെന്ന് ജസ്റ്റിസ് മദൻ ബി ലോക്കൂർ പറഞ്ഞു. ഈ ന്യായാധിപ എന്തു പരിശീലനമാണ് വരും തലമുറയിലെ ജഡ്ജിമാർക്ക് നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു.

സ്ത്രീകൾക്കും കുട്ടികൾക്കും നേരെ മഹാഭൂരിപക്ഷം സംസ്ഥാനങ്ങളിലും മനുഷ്യത്വരഹിതമായ അതിക്രമങ്ങൾ അനുസ്യൂതം നടന്നുകൊണ്ടിരിക്കുകയാണ്. വെറും സ്ത്രീ പീഡനങ്ങൾ മാത്രമല്ല വർധിച്ചുകൊണ്ടിരിക്കുന്നത്. പീഡനകൊലപാതകങ്ങൾ രാജ്യത്തൊട്ടാകെ വ്യാപിച്ചിരിക്കുകയാണ്. സംസ്‌കാര സമ്പന്നർ എന്നഭിമാനിക്കുന്ന മനുഷ്യർ കൂട്ടത്തോടെ തനി മൃഗങ്ങളായി മാറുകയാണിവിടെ. നിലവിലുള്ള പോക്‌സോ നിയമം വളരെ കർശനമായി നടപ്പിലാക്കേണ്ട സാഹചര്യമാണ് ഇവിടെയുള്ളത്. ഈ സാഹചര്യത്തിൽ മനുഷ്യത്വമില്ലാത്ത പോക്‌സോ കുറ്റവാളികളെ വെറും ലൈംഗികാതിക്രമ കുറ്റവാളികളാക്കി തരംതാഴ്ത്തി ശിക്ഷയിൽ ഇളവ് നൽകുന്ന ബോംബെ ഹൈക്കോടതിയെ പോലുള്ള കോടതികൾ ഇന്ത്യയിൽ നീതിസംരക്ഷണമല്ല നടത്തുന്നത്, മറിച്ച് കൊടും കുറ്റവാളികൾക്ക് വീണ്ടും കുറ്റം ചെയ്യാൻ പച്ചക്കൊടി കാട്ടുകയാണ്. രാജ്യത്തെ നീതിന്യായ പരിപാലന മേഖലയെ സംബന്ധിച്ച ഒരു തുറന്ന ചർച്ചക്ക് സമയമായിരിക്കുകയാണെന്നാണ് ഈ ഹൈക്കോടതി വിധികൾ ചൂണ്ടിക്കാട്ടുന്നത്. ഏതായാലും ജസ്റ്റിസ് പുഷ്പയെ സ്ഥിരപ്പെടുത്തേണ്ടതില്ലെന്ന് കൊളീജിയം തീരുമാനിച്ചിട്ടുണ്ട്. ഇത് ഏറെ ആശ്വാസകരമാണ്. നീതിയുടെ വെളിച്ചം കെട്ടിട്ടില്ലെന്നാണ് ഈ തീരുമാനം നൽകുന്ന സന്ദേശം.

---- facebook comment plugin here -----

Latest