ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യക്ക് കുടുംബ പെന്‍ഷന്‍ നിഷേധിക്കാനാകില്ല; വിചിത്ര വിധിയുമായി പഞ്ചാബ് ഹൈക്കോടതി

Posted on: January 31, 2021 4:28 pm | Last updated: January 31, 2021 at 4:28 pm

ചണ്ഡിഗഢ് | ഭര്‍ത്താവിനെ കൊലപ്പെടുത്തിയാലും ഭാര്യക്ക് കുടുംബ പെന്‍ഷന് അര്‍ഹതയുണ്ടെന്ന അസാധാരണ വിധിപ്രഖ്യാപനവുമായി പഞ്ചാബ്, ഹരിയാന ഹൈക്കോടതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മരിച്ചാല്‍ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുന്നതിനായി ആരംഭിച്ച ഒരു ക്ഷേമ പദ്ധതിയാണ് കുടുംബ പെന്‍ഷന്‍. ഭര്‍ത്താവിനെ കൊന്നാലും ഭാര്യക്ക് കുടുംബ പെന്‍ഷന്‍ നിഷേധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജനുവരി 25 നാണ് പഞ്ചാബ് – ഹരിയാന കോടതി വിചിത്ര വിധിപ്രസ്താവം നടത്തിയത്.

സ്വര്‍ണ്ണ മുട്ടയിടുന്ന കോഴിയെ ആരും കശാപ്പുചെയ്യില്ലെന്നും ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടാലും ഭാര്യക്ക് കുടുംബ പെന്‍ഷന് അര്‍ഹതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.

അംബാല സ്വദേശിയായ ബലിജിത് കൗര്‍ നല്‍കിയ പരാതിയിലാണ് കോടതിയുടെ വിധിന്യായമുണ്ടായത്. 2008ല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥാനായ ഭര്‍ത്താവ് ടാര്‍സെം സിംഗ് മരിച്ച കേസില്‍ ബലിജിത് കൗര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും 2011ല്‍ ബലിജിത്തിന് കോടതി ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ബലിജിത്തിന് നല്‍കിയിരുന്ന കുടുംബ പെന്‍ഷന്‍ സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. ഇതിനെതിരെയാണ് ബലിജിത്ത് ഹൈക്കോടതിയെ സമിപിച്ചത്.

ഹരിയാന സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ കോടതി പരാതിക്കാരിക്ക് രണ്ട് മാസത്തിനകം കുടിശ്ശിക സഹിതം കുടുംബ പെന്‍ഷന്‍ നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

ഭര്‍ത്താവിന്റെ മരണശേഷം 1972 ലെ സിസിഎസ് (പെന്‍ഷന്‍) ചട്ടപ്രകാരം ഭാര്യക്ക് കുടുംബ പെന്‍ഷന്‍ ലഭിക്കും. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വിധവയ്ക്ക് പുനര്‍വിവാഹത്തിനുശേഷവും കുടുംബ പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നാണ് നിയമം.