Kerala
പുതുപ്പള്ളിയിൽ തന്നെയെന്ന് ഉമ്മൻ ചാണ്ടി; എവിടെ നിന്നാലും ഉമ്മൻ ചാണ്ടി വിജയിക്കുമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം | നിയമസഭയിലേക്ക് പുതുപ്പള്ളിയിൽ നിന്ന് തന്നെയായിരിക്കും മത്സരിക്കുകയെന്ന സൂചന നൽകി ഉമ്മൻ ചാണ്ടി. അതേസമയം, ഉമ്മൻ ചാണ്ടി എവിടെ നിന്നാലും വിജയിക്കുമെന്നും ഏത് നിയോജക മണ്ഡലവും അനുയോജ്യമാണെന്നും കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
കോണ്ഗ്രസില് സ്ഥാനാര്ത്ഥി നിര്ണയം തുടങ്ങുന്നതിനുമുമ്പേ, തന്റെ സ്ഥാനാര്ത്ഥിത്വവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണങ്ങള് അടിയന്തരമായി അവസാനിപ്പിക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. കോണ്ഗ്രസ് ഹൈക്കമാന്ഡും കെപിസിസി നേതൃത്വവുമാണ് സ്ഥാനാര്ത്ഥികളെ നിശ്ചയിക്കുന്നത്. തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു. ആജീവനാന്തം അതില് മാറ്റം ഉണ്ടാകില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഉമ്മൻ ചാണ്ടി തിരുവനന്തപുരത്ത് മത്സരിക്കണമെന്ന് കോൺഗ്രസിൽ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ തവണ ബി ജെ പി വിജയിച്ച നേമത്തോ വട്ടിയൂർക്കാവിലോ തിരുവനന്തപുരം ഈസ്റ്റിലോ മത്സരിക്കണമെന്ന ആവശ്യമാണ് കോൺഗ്രസിൽ ഉയരുന്നത്.







