Connect with us

National

വെടിവച്ചു കൊന്നാലും ഒഴിഞ്ഞുപോകില്ല; സമരപഥത്തില്‍ അടിയുറച്ച് കര്‍ഷകര്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഗാസിപുരില്‍ തമ്പടിച്ചിരിക്കുന്ന കര്‍ഷക പ്രക്ഷോഭകരെ ഒഴിപ്പിക്കാനുള്ള യു പി സര്‍ക്കാരിന്റെ ശ്രമം സംഘര്‍ഷത്തിന് ഇടയാക്കി. 15 മിനുട്ടിനുള്ളില്‍ സമരകേന്ദ്രം ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് പോലീസ് എത്തിയത്. എന്നാല്‍, നിര്‍ദേശം തള്ളിയ കര്‍ഷകര്‍ ബലപ്രയോഗത്തിലൂടെ തങ്ങളെ നീക്കം ചെയ്യാനാകുമെന്ന് കരുതേണ്ടെന്നും വെടിവച്ചു കൊന്നാലും ഒഴിഞ്ഞുപോകില്ലെന്നും വ്യക്തമാക്കി. കേന്ദ്രത്തിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്‍മാറില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍.

ഇന്നലെ രാത്രി ജില്ലാ മജിസ്‌ട്രേറ്റും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സമരഭൂമിയിലെത്തി പ്രതിഷേധം അവസാനിപ്പിക്കാനും ഒഴിഞ്ഞുപോകാനും കര്‍ഷകരോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഇവിടേക്കുള്ള വൈദ്യുതി ബന്ധവും ജലവിതരണവും യു പി സര്‍ക്കാര്‍ വിച്ഛേദിക്കുകയും ചെയ്തു. വൈദ്യുതിയും ജലവിതരണവും പുനസ്ഥാപിച്ചില്ലെങ്കില്‍ ഗാസിപൂരിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളും ഉപരോധിക്കുമെന്ന് കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടികായത്ത് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജലവിതരണം പുനസ്ഥാപിച്ചില്ലെങ്കില്‍ വീടുകളില്‍ നിന്ന് വെള്ളം കൊണ്ടുവരാനാണ് കര്‍ഷകരുടെ തീരുമാനം.

Latest