Connect with us

Alappuzha

ആലപ്പുഴ ബൈപാസ് നാടിന് സമര്‍പ്പിച്ചു; ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും ചേര്‍ന്ന്

Published

|

Last Updated

ആലപ്പുഴ | ആലപ്പുഴ ബൈപാസ് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും ചേര്‍ന്നാണ് ബൈപാസ് നാടിന് സമര്‍പ്പിച്ചത്. അരനൂറ്റാണ്ട് കാലത്തെ ജനങ്ങളുടെ സ്വപ്‌നമാണ് സാക്ഷാത്കരിക്കപ്പെട്ടത്. കേരളത്തിന്റെ അടിസ്ഥാന വികസന സൗകര്യത്തിന് കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാവുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. രാജ്യത്തെ പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്ന് വാഹനാപകടങ്ങളാണ്. പ്രതിവര്‍ഷം അഞ്ച് ലക്ഷം വാഹനാപകടങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനാല്‍ വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കണം. റോഡ് ഗതാഗതം മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങളും അദ്ദേഹം നല്‍കി.

നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ തടസ്സങ്ങള്‍ നീക്കുന്നതിനുള്ള ചര്‍ച്ചക്കായി മുഖ്യമന്ത്രിയെ കേന്ദ്ര മന്ത്രി ഡല്‍ഹിക്ക് ക്ഷണിച്ചു. കുതിരാന്‍ തുരങ്കം അടക്കമുള്ളവ ചര്‍ച്ച ചെയ്യാം. ക്ഷണം മുഖ്യമന്ത്രി സ്വീകരിച്ചു. കൊവിഡ് സാഹചര്യം ഒഴിയുന്ന് മുറയ്ക്ക് ഡല്‍ഹിയിലെത്തും. കേന്ദ്ര-കേരള ബന്ധം ക്രിയാത്മകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന് അഭിമാനം പകരുന്ന പദ്ധതിയാണ് ആലപ്പുഴ ബൈപാസെന്ന് മുഖ്യമന്ത്രി പറഞ്ഞു. അരനൂറ്റാണ്ട് കാത്തിരുന്ന പദ്ധതി ഇപ്പോള്‍ പൂര്‍ത്തിയാവുന്നത് ഏറെ സന്തോഷം പകരുന്നു. 70കളിലാണ് ബൈപാസിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. 17 കോടിയായിരുന്നു അന്നത്തെ എസ്റ്റിമേറ്റ്. ഇന്ന് 348 കോടി രൂപ ചെലവിലാണ് ബൈപാസ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. നിര്‍മാണം പൂര്‍ണമായും പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് നടത്തിയത്. എത്ര വലിയ പദ്ധതിയും മനോഹരമായി പൂര്‍ത്തീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് സാധിക്കുമെന്നത് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി പറഞ്ഞതുപോലെ വാഹനാപകടങ്ങള്‍ കുറയ്ക്കാനുള്ളനടപടികളിലേക്ക് സര്‍ക്കാര്‍ ഉടന്‍ നീങ്ങും. വാഹനാപകടങ്ങള്‍ 50 ശതമാനമായി കുറയ്ക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കും. അതിന് കേന്ദ്രവുമായി വിശദമായി ചര്‍ച്ച നടത്തും. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട റിംഗ് റോഡ് പദ്ധതിക്ക് സഹായം നല്‍കുന്ന കാര്യവും മുഖ്യമന്ത്രി കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

ബൈപാസിനായി 200 കോടി കേരള സര്‍ക്കാര്‍ മുടക്കിയെന്നും 164 കോടി കേന്ദ്രം കൃത്യമായി തന്നുവെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ വ്യക്തമാക്കി. ബൈപാസിന്റെ 15 ശതമാനം പ്രവൃത്തി മുന്‍ സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ ചെയ്തിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം ബാക്കിയുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി. അത് നന്ദിയോടെ സ്മരിക്കുന്നതായും സുധാകരന്‍ പറഞ്ഞു.

കേരളവും കേന്ദ്രവും ഒരേ പാര്‍ട്ടി ഭരിച്ചിട്ടും നടക്കാത്ത കാര്യമാണ് ഈ ബൈപാസ്. കേരളവും കേന്ദ്രവും വ്യത്യസ്ത പാര്‍ട്ടി ഭരിച്ചാലും ഇത് നടക്കുമെന്ന് മനസ്സിലായല്ലോ. ഒരേ കൂട്ടര്‍ കേന്ദ്രവും സംസ്ഥാനവും ഭരിച്ചപ്പോള്‍ ബൈപാസ് നിര്‍മാണം എന്തുകൊണ്ട് നടന്നില്ലെന്നാണ് പരിശോധിക്കേണ്ടത്. അല്ലാതെ ഇപ്പോള്‍ സമരം നടത്തുകയല്ല ചെയ്യേണ്ടത്. മാധ്യമങ്ങളില്‍ നിന്ന് വലിയ പിന്തുണ സര്‍ക്കാരിന് ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു. ബൈപാസ് നിര്‍മാണം പൂര്‍ത്തിയാക്കിയതിനു പിന്നില്‍ നിതിന്‍ ഗഡ്കരി ഉള്‍പ്പെടുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് എന്ന് ചടങ്ങില്‍ പ്രസംഗിച്ച കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

Latest