Connect with us

Kerala

പാലാ കാറ്റിൽ ഇളകിമറിഞ്ഞ് എലത്തൂർ

Published

|

Last Updated

കോഴിക്കോട് | പുഴയും കരയും ചേർന്ന എലത്തൂർ ഇത്തവണ ഇളകി മറിയുകയാണ്. അങ്ങ് പാലായിൽ സ്ഥാനാർഥി ചർച്ചകൾ പൊടിപൊടിക്കുമ്പോൾ രാഷ്ട്രീയ നിരീക്ഷകരുടെ നോട്ടം എലത്തൂരിലേക്കാണ്. ചുവന്ന് തുടുത്ത മണ്ഡലം, കഴിഞ്ഞ തവണ കോഴിക്കോട് ജില്ലയിൽ തന്നെ എൽ ഡി എഫിന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ച സീറ്റ് ഇങ്ങനെ എലത്തൂരിനെക്കുറിച്ച് ഇടതുമുന്നണിക്ക് നൂറ് നാവാണ്. ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ മണ്ഡലമെന്ന നിലയിൽ അൽപ്പം വി ഐ പി പരിവേഷവുമുണ്ട് ഈ കോരപ്പുഴയുടെ നാടിന്.

പാലാ സീറ്റിനെച്ചൊല്ലി എൽ ഡി എഫും എൻ സി പിയും തമ്മിലുള്ള ഭിന്നത തന്നെയാണ് എലത്തൂരിലെ ആശങ്ക. പാലായിൽ ഉടക്കി എൻ സി പി മുന്നണി വിട്ടാൽ ഇടതുമുന്നണി എലത്തൂരിൽ മന്ത്രി ശശീന്ദ്രനെ മത്സരിപ്പിക്കുമോ? അതല്ല, എൻ സി പി മുന്നണി വിട്ടാലും ഇല്ലെങ്കിലും എൽ ഡി എഫിനൊപ്പം ഉറച്ചു നിൽക്കുമെന്ന് പ്രഖ്യാപിച്ച ശശീന്ദ്രനെ എലത്തൂരിൽ നിന്ന് വെട്ടിമാറ്റാൻ ഇടതുമുന്നണിക്ക് മനസ്സ് വരുമോ? കഴിഞ്ഞ തവണ 29,057 വോട്ടുകൾക്കാണ് ശശീന്ദ്രൻ യു ഡി എഫിലെ കിഷൻ ചന്ദിനെ പരാജയപ്പെടുത്തിയത്. ജില്ലയിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷം.

2011ൽ എസ് ജെ ഡിയിലെ ഷേഖ് പി ഹാരിസിനോടായിരുന്നു ശശീന്ദ്രന്റെ ഏറ്റുമുട്ടൽ. അന്ന് 14,654 വോട്ടുകൾക്കാണ് വിജയിച്ചത്. 2006ൽ ബാലുശ്ശേരിയിൽ നിന്നും 1982ൽ എടക്കാട്ടുനിന്നും 1980ൽ പെരിങ്ങ

ളത്തു നിന്നും ശശീന്ദ്രൻ നിയമസഭയിലെത്തിയിട്ടുണ്ട്.
ഇത്തവണ തുടക്കം മുതൽ തന്നെ മന്ത്രിയായെങ്കിലും ഇടക്കൊരു കല്ലുകടിയുണ്ടായി. 2017ൽ ഒരു സ്വകാര്യ ചാനൽ ഒരുക്കിയ ഹണിട്രാപ്പിൽ കുരുങ്ങി മന്ത്രി പദവി രാജിവെക്കേണ്ടി വന്നു. കേസിൽ കോടതി കുറ്റവിമുക്തനാക്കിയതോടെ 2018ൽ വീണ്ടും മന്ത്രിയായി ചുമതലയേറ്റു. എലത്തൂരിന് ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ നിറം മാറ്റമാണ് യു ഡി എഫിന്റെ പ്രതീക്ഷ. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ചുവന്ന് തുടുക്കുന്ന കോഴിക്കോട് ജില്ല ലോക്‌സഭയുടെ കാര്യത്തിൽ ഇളം ചുവപ്പായാണ് കാണപ്പെടാറ്. ഇത് ഇടത് കോട്ടയായ എലത്തൂരിലും പ്രകടമായി.

ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ എലത്തൂർ സീറ്റ് യു ഡി എഫിൽ കോൺഗ്രസ് തന്നെ ഏറ്റെടുക്കാനാണ് സാധ്യത. സ്ഥാനാർഥികളായി രണ്ടുമൂന്ന് പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്കൂടിയായ യു വി ദിനേശ് മണിയാണ് ഒരാൾ.

നേരത്തേ എൻ സി പിക്കാരനായിരുന്ന ഇദ്ദേഹം ദീർഘകാലം തലക്കൂളത്തൂർ പഞ്ചായത്ത് അംഗവുമായിരുന്നു. കെ പി സി സി സെക്രട്ടറി ബാലകൃഷ്ണൻ കിടാവ്, കോൺഗ്രസ് നേതാവ് നികേഷ് അരവിന്ദൻ എന്നിവരുടെ പേരുകളും കേൾക്കുന്നുണ്ട്.

Latest