Ongoing News
ജംഷഡ്പൂരിനെതിരെ ബ്ലാസ്റ്റേഴ്‌സിന് സമനില

ബംബോലിം | ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷഡ്പൂരിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. ശക്തമായ പോരാട്ടത്തിനൊടുവില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. ഇതോടെ പോയിന്റ് പട്ടികയില്‍ മുന്നേറാനുള്ള സുവര്‍ണാവസരം കേരളാ ബ്ലാസ്റ്റേഴ്സിന് നഷ്ടമായി.
നിലവില്‍ 14 വീതം മത്സരങ്ങളില്‍ നിന്ന് ഇരു ടീമുകള്‍ക്കും 15 പോയിന്റാണുള്ളത്. ഇന്നലെ ബ്ലാസ്റ്റേഴ്‌സിന് ജയിക്കാനായിരുന്നെങ്കില്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്കുയരാമായിരുന്നു.
ബ്ലാസ്റ്റേഴ്സിന്റെ ഗോളെന്നുറച്ച നിരവധി അവസരങ്ങള്‍ക്ക് മുന്നില്‍ ഗോള്‍ പോസ്റ്റും ജംഷഡ്പൂരിന്റെ മലയാളി ഗോള്‍ കീപ്പര്‍ ടി പി രഹ്്‌നേഷും റഫറിയുമെല്ലാം വിലങ്ങുതടിയായി. നിലവില്‍ ഗോള്‍ ശരാശരിയുടെ മികവില്‍ ജംഷഡ്പൂര്‍ ഏഴാം സ്ഥാനത്തും കേരള ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്തുമാണ്.
ഇന്ന് ശക്തരായ ഹൈദരാബാദ് ബെംഗളൂരു എഫ് സിയെ നേരിടും. നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് നാല് വിജയവും ആറ് സമനിലയും ഉള്‍പ്പെടെ 18 പോയിന്റുമായി ഹൈദരാബാദ് നാലാം സ്ഥാനത്തും 13 മത്സങ്ങഴളില്‍ നിന്ന് 14 പോയിന്റുമായി ബെംഗളൂരു എഫ് സി ഒന്പതാം സ്ഥാനത്തുമാണ്. ഇന്ന് ഹൈദരാബാദിന് വിജയിക്കാനായാല്‍ ഗോവയെ മറികടന്ന് മൂന്നാം സ്ഥാനത്തെത്താനാകും.
30 പോയിന്റുമായി മുംബൈ സിറ്റി ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള എ ടി കെക്ക് 24 പോയിന്റാണുള്ളത്.