Connect with us

Kerala

കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജി വെക്കരുത്; നിലപാട് ആവര്‍ത്തിച്ച് യൂത്ത്‌ലീഗ് നേതാവ്

Published

|

Last Updated

കോഴിക്കോട് | പി കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കരുതെന്ന നിലപാട് ആവര്‍ത്തിച്ച് യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷന്‍ പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍. തന്റെ നിലപാട് തിരുത്തില്ലെന്നും പകരം തിരുത്തേണ്ടത് കുഞ്ഞാലിക്കുട്ടിയാണെന്നും മുഈനലി സിറാജ്‌ലൈവിനോട് പറഞ്ഞു.

യൂത്ത് ലീഗ് ദേശീയ അധ്യക്ഷന്‍ സാബിര്‍ ഗഫാറിന്റെ രാജി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാത്രമാണെന്നും അദ്ദേഹം പാര്‍ട്ടിയിലും യൂത്ത് ലീഗിലും തുടരുമെന്നും മുഈനലി വ്യക്തമാക്കി. സാബിര്‍ ഗഫാര്‍ അദ്ദേഹത്തിന്റെ നാടായ ബംഗാളില്‍ പാര്‍ട്ടി സ്വാധീനം വര്‍ധിപ്പിക്കാന്‍ മാത്രമാണ് പദവിയൊഴിഞ്ഞത്. ബംഗാളില്‍ പുതുതായി രൂപീകരിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയായ ഐഎസ്എഫില്‍ ചേരാനാണ് സാബിര്‍ രാജിവെച്ചത് എന്നതുള്‍പ്പടെ പ്രചരിക്കുന്ന മറ്റ് വര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും മുഈനലി തങ്ങള്‍ പറഞ്ഞു.

ബംഗാളില്‍ മുസ്ലിം നേതാക്കള്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചെന്ന വാര്‍ത്ത താന്‍ വിശ്വസിക്കുന്നില്ല. ബംഗാളിലെ ഫുര്‍ഫറ ശരീഫ് എന്ന മുസ്ലിം ആത്മീയ സംഘടനയുമായി യൂത്ത്‌ലീഗ് ചര്‍ച്ച നടത്തിയിരുന്നു. കേരളത്തിലെ സമസ്ത – ലീഗ് മാതൃകയിലുള്ള പ്രവര്‍ത്തനവും സഹകരണവുമാണ് ലക്ഷ്യം. ഇപ്പോള്‍ സ്ഥാനമുപേക്ഷിച്ച സാബിര്‍ ഗഫാര്‍ ഇതിനായുള്ള പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. സ്വാഭാവികമായും അവരുമായുള്ള ചര്‍ച്ച തുടരുന്നുണ്ട്. വാര്‍ത്തകളില്‍ നിറയുന്ന ഫുര്‍ഫുറ ശരീഫ് നേതാക്കള്‍ കേരളത്തിലെത്തിയിട്ടുള്ളവരാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

യൂത്ത്‌ലീഗിന്റെ നേതൃത്വത്തില്‍ ദേശീയ വ്യാപകമായി പാര്‍ട്ടി പ്രവര്‍ത്തനം ഊര്‍ജസ്വലതയോടെ നടക്കുകയാണ്. തനിക്ക് ചുമതലയുള്ള കര്‍ണാടകയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് പാര്‍ട്ടി കാഴ്ചവെച്ചത്. ഇത് തുടരുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉവൈസി അണികള്‍ക്ക് ഊര്‍ജ്ജം പകരുന്ന നേതാവാണെന്നായിരുന്നു തങ്ങളുടെ മറുപടി. എന്നാല്‍ ഉവൈസിയുടെ പാര്‍ട്ടിക്ക് ഭാവിയില്ല, അദ്ദേഹത്തിന് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമില്ല. കേരളത്തില്‍ മഅദനി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമാണ് പുറത്ത് ഉവൈസിയുടേതും. ഒന്നിനും ദീര്‍ഘകാല നിലനില്പുണ്ടാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാല്‍ ബീഹാറില്‍ ഉവൈസി ന്യൂനപക്ഷ വോട്ട് ഭിന്നിപ്പിച്ചു എന്ന നിരീക്ഷണം തെറ്റാണെന്ന് മുഈനലി വാദിച്ചു. മറ്റ് നേതാക്കള്‍ ഉവൈസിയെ ബീഹാറിലെ കോണ്‍ഗ്രസ്സ് തോല്‍വിയുടെ പ്രതിയാക്കിയിരുന്നല്ലോ എന്ന ചോദ്യത്തെയും അദ്ദേഹം തള്ളി. ഒരിക്കലും അങ്ങനെ ഉണ്ടായിട്ടില്ല. ജീവനില്ലാത്ത കോണ്‍ഗ്രസ്സിന് ന്യൂനപക്ഷം വോട്ട് കൊടുക്കില്ലെന്ന നിരീക്ഷണവും മുഈനലി പങ്കുവെച്ചു.

ഈ നിയമസഭാ തെരെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് മുഈനലി പ്രതികരിച്ചു. യുവാക്കള്‍ വരണമെന്ന ആശയത്തോട് പൂര്‍ണമായി യോജിക്കുന്നില്ല. പക്വതയും ചടുലതയും ഉള്ളവര്‍ സ്ഥാനാര്‍ഥികളാകുന്നതാണ് നല്ലത്. വനിതാ സ്ഥാനാര്‍ത്ഥികളുടെ വിഷയത്തില്‍ കെപിഎ മജീദ് പറഞ്ഞതില്‍ അധികമൊന്നും പറയാന്‍ ഇല്ല. ചിലരുടെ മോഹം നിരാശയില്‍ കലാശിക്കുമെന്നും ചില പ്രചാരണങ്ങളൊക്കെ തികഞ്ഞ പ്ലാനിങ്ങോടെ നടത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

adilpalode786@gmail.com

Latest