Connect with us

Kerala

പെണ്‍കുട്ടികളുടെ വിവാഹപ്രായം: നിലപാട് തിരുത്തി എംഎസ്എഫ് നേതാവ് അഷ്‌റഫലി

Published

|

Last Updated

മലപ്പുറം | പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസ്സാക്കി നിശ്ചയിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത തന്റെ നിലപാട് ധാരണ പിശകായിരുന്നുവെന്ന് തുറന്ന് പറഞ്ഞ് എംഎസ്എഫ് ദേശീയ പ്രസിഡന്റ് ടിപി അഷ്റഫലി. ഫേസ്ബുക്ക് കുറിപ്പിലാണ് അഷ്‌റഫലി നിലപാട് മാറ്റം വ്യക്തമാക്കിയത്.

“നേരത്തെ വിവാഹ പ്രായം സംബന്ധമായി വിവാദം ഉയര്‍ന്നപ്പോള്‍ എന്റെ നിലപാട് വലിയ ചര്‍ച്ചയായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ അത് തെറ്റിദ്ധാരണക്ക് ഇടയാക്കുകയും ചെയ്തിരുന്നു. ഇതുള്‍പ്പടെയുള്ള ചില വിഷങ്ങളിലെ ധാരണപിശകുകള്‍ ഉണ്ടായിരുന്നു. അവ തിരുത്തി മുന്നോട്ട് പോകാന്‍ ധാരണയായി. വിവാഹ പ്രായവും, ശരീഅത്തും സംബന്ധിച്ച എന്റെ നിലപാട് ഇസ്ലാമിക പണ്ഡിത നേതൃത്വത്തിന്റെതാണ്. ഭാവിയില്‍ ഇത്തരം വിഷയങ്ങളില്‍ പരസ്പര ധാരണയില്‍ മുന്നോട്ട് പോകും” അഷ്റഫലി ഫേസ്ബുക്കില്‍ കുറിച്ചു.

മുന്‍പ് വിവാഹപ്രായം സംബന്ധിച്ച് ടിപി അഷ്റഫലിയുടെ അഭിപ്രായം വലിയ വിവാദത്തിന് വഴി വെച്ചിരുന്നു. അഷ്‌റഫലിക്കെതിരെ ഇകെ വിഭാഗം സമസ്ത തന്നെ രംഗത്ത് വന്നു. 2015 ല്‍ മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച അഷ്‌റഫലിയുടെ വിജയത്തിന്റെ തിളക്കം കുറയ്ക്കാന്‍ സമസ്ത രഹസ്യ നിര്‍ദേശം നല്‍കിയെന്ന റിപ്പോര്‍ട്ടുകളും അന്ന് പുറത്ത് വന്നിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ നിലപാട് തിരുത്തിയെന്ന് അറിയിച്ച് അഷ്റഫലി തന്നെ രംഗത്തെത്തിയത്. എസ് വെെ എസ് (ഇ കെ വിഭാഗം) നേതാക്കളുമായി യൂത്ത് നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രതികരണം. മുന്‍പ് അഷ്റഫലിയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്ന അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവും ചര്‍ച്ചയില്‍ പങ്കെടുത്തു.

മുസ്ലിംലീഗിലെ പ്രധാന യുവനേതാവായ അഷ്‌റഫലിയെ നിയമസഭാ തെരെഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ, മണ്ണാര്‍ക്കാട് മണ്ഡലങ്ങളില്‍ നിന്നും സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നുണ്ട്. സ്ഥാനാര്‍ഥിയാകുമ്പോള്‍ വിവാഹപ്രായം ഉള്‍പ്പെടെ വിഷയങ്ങളിലെ വ്യത്യസ്ത നിലപാട് തിരിച്ചടിയാകുമെന്ന തിരിച്ചറിവാണ് അഷ്‌റഫലിയുടെ നിലപാട് മാറ്റത്തിലേക്ക് നയിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.

adilpalode786@gmail.com

Latest