Connect with us

Ongoing News

ഗോവയെ സമനിലയിൽ പൂട്ടി ബ്ലാസ്റ്റേഴ്സ്

Published

|

Last Updated

ബാംബോലിം | ബെംഗളൂരു എഫ് സിക്കെതിരെ അവസാന നിമിഷം ആവേശകരമായ അട്ടിമറി വിജയം നേടിയ കരുത്തോടെയെത്തിയ കേരള ബ്ലാസ്‌റ്റേഴ്‌സ് ശക്തരായ എഫ് സി ഗോവയെ സമനിലയില്‍ കുരുക്കി. പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനത്തുള്ള ഗോവയെയാണ് ഒമ്പതാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സ് സമനിലപ്പൂട്ടിട്ടത്. ആദ്യ പകുതിയില്‍ ഗോള്‍ നേടി മേധാവിത്വം പുലര്‍ത്തിയ ഗോവക്കെതിരെ രണ്ടാം പകുതിയുടെ ആദ്യത്തില്‍ തന്നെ രാഹുല്‍ കെ പി സമനില ഗോള്‍ നേടി.

65ാം മിനുട്ടില്‍ ഇവാന്‍ ഗോണ്‍സാലസിന് ചുവപ്പ് കാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്ന് പത്ത് പേരിലേക്ക് ഗോവ ചുരുങ്ങിയിരുന്നു. എന്നാൽ ഈ ദൗർബല്യം മുതലാക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല. ഫൗളോടു കൂടിയാണ് കളി ആരംഭിച്ചത് തന്നെ. രണ്ടാം മിനുട്ടില്‍ രാഹുല്‍ കെ പിയുടെ ഫൗളില്‍ ഗോവക്ക് ഫ്രീകിക്ക് ലഭിച്ചു. ആറാം മിനുട്ടില്‍ ഗോളെന്നുറച്ച മുന്നേറ്റമാണ് ഗോവ നടത്തിയത്. ജോര്‍ജ് മെന്‍ഡോസയുടെ ഉഗ്രന്‍ ഷൂട്ട് ഭാഗ്യം കൊണ്ട് ക്രോസ്ബാറിന്റെ അടിയില്‍ തട്ടി ഒഴിവായത്. 25ാം മിനുട്ടില്‍ ഗോവന്‍ പക്ഷം പകരക്കാരിറങ്ങി. ജെയിംസ് ഡൊണാഷിക്ക് പരുക്ക് പറ്റിയതിനെ തുടര്‍ന്ന് മുഹമ്മദ് അലിയാണ് ഇറങ്ങിയത്.

25ാം മിനുട്ടില്‍ മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നു. ആറാം മിനുട്ടിലും തുടര്‍ന്നും ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍മുഖത്ത് കനത്ത വെല്ലുവിളി ഉയര്‍ത്തിയ ജോര്‍ജ് മെന്‍ഡോസയാണ് ഗോവക്ക് വേണ്ടി ഗോള്‍ നേടിയത്. ഫ്രീകിക്ക് ആണ് മെന്‍ഡോസ വലയിലാക്കിയത്. 35ാം മിനുട്ടില്‍ കളിയിലെ ആദ്യ മഞ്ഞക്കാര്‍ഡും ഉയര്‍ന്നു. കേരളത്തിന്റെ രാഹുല്‍ കെ പിക്കാണ് മഞ്ഞക്കാര്‍ഡ് ലഭിച്ചത്.

40ാം മിനുട്ടില്‍ ഗോളവസരം ബ്ലാസ്‌റ്റേഴ്‌സിന് ഒത്തുവന്നിരുന്നു. സന്ദീപ് സിംഗിന്റെ ക്രോസ്സിന് ബേകറി കോനെ തലവെച്ചെങ്കിലും അസിസ്റ്റന്റ് റഫറി ഹാന്‍ഡ് വിധിച്ചു. കോനെയുടെ കൈ ബോളില്‍ കൊണ്ടതായി അദ്ദേഹം കണ്ടെത്തുകയായിരുന്നു.

രണ്ടാം പകുതിയുടെ ആരംഭത്തിലും ഗോവന്‍ ആക്രമണം ശക്തമായിരുന്നു. എന്നാല്‍ 57ാം മിനുട്ടില്‍ മഞ്ഞപ്പടയുടെ ഭാഗ്യതാരം രാഹുല്‍ കെ പിയുടെ ഗോള്‍ പിറന്നു. വലതു ഭാഗത്തുനിന്നുള്ള ഫകുന്ദോ പെരേരയുടെ പറന്നുപൊങ്ങിയ കോര്‍ണര്‍ കൃത്യമായ ഹെഡറിലൂടെ രാഹുല്‍ വലയിലാക്കുകയായിരുന്നു. 63ാം മിനുട്ടില്‍ ജീക്‌സണ്‍ സിംഗിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. 65ാം മിനുട്ടില്‍ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ഗോവയുടെ ഇവാന്‍ ഗോണ്‍സാലസിന് രണ്ട് തവണ മഞ്ഞക്കാര്‍ഡ് ലഭിക്കുകയും തുടര്‍ന്ന് ചുവപ്പ് കാര്‍ഡ് റഫറി പൊക്കുകയും പുറത്തുപോകേണ്ടി വരികയും ചെയ്തു.

ഇതോടെ ഗോവ പത്ത് പേരിലേക്ക് ചുരുങ്ങി. സമനില പൊളിക്കുകയെന്ന ലക്ഷ്യത്തോടെ 80ാം മിനുട്ടില്‍ സഹല്‍ അബ്ദുസ്സമദിനെ പിന്‍വലിച്ച് ലാല്‍താതംഗ ഖ്വാള്‍റിംഗിനെ ബ്ലാസ്റ്റേഴ്‌സ് ഇറക്കി. 87ാം മിനുട്ടിൽ ഗോവയുടെ ഗോൾകീപ്പർ നവീൻ കുമാറിനും മഞ്ഞക്കാർഡ് ലഭിച്ചു. നിശ്ചിത സമയം പൂർത്തിയായതിനെ തുടർന്ന് റഫറി അഞ്ച് മിനുട്ട് അധികം അനുവദിച്ചെങ്കിലും സമനില പൊളിഞ്ഞില്ല.