Connect with us

National

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; എം എല്‍ എ. ബൈശാലി ദാല്‍മിയയെ തൃണമൂല്‍ കോണ്‍ഗ്രസ് പുറത്താക്കി

Published

|

Last Updated

കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം എല്‍ എ. ബൈശാലി ദാല്‍മിയയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ചാണ് നടപടി. ബല്ലിയില്‍ നിന്നുള്ള നിയമസഭാംഗമാണ് ബൈശാലി. ഒരു വിഭാഗം ടി എം സി നേതാക്കള്‍ക്കെതിരെ ബൈശാലി പരസ്യമായി പ്രസംഗിച്ചിരുന്നു. സത്യസന്ധരും ആത്മാര്‍ഥതയുള്ളവരുമായ ആളുകള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നും അവര്‍ ആരോപിച്ചു. പാര്‍ട്ടിയുടെ അച്ചടക്ക് കമ്മിറ്റി ചേര്‍ന്നാണ് ബൈശാലിയെ പുറത്താക്കാനുള്ള തീരുമാനമെടുത്തതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ടി എം സിയുടെ മുതിര്‍ന്ന നേതാവും വനം വകുപ്പ് മന്ത്രിയുമായിരുന്ന രജിബ് ബാനര്‍ജി മമത ബാനര്‍ജി മന്ത്രിസഭയില്‍ നിന്ന് രാജിവച്ചതിനു പിന്നാലെയാണ് ബൈശാലിക്കെതിരായ നടപടി. രജിബിന്റെ രാജിയിലും ബൈശാലി പാര്‍ട്ടി നേതൃത്വത്തെ കുറ്റപ്പെടുത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ നേതാക്കളില്‍ പലരും പാര്‍ട്ടി വിട്ടുപോകുന്നത് വിമത ശല്യവും തൃണമൂല്‍ കോണ്‍ഗ്രസിന് കടുത്ത തലവേദനയായിട്ടുണ്ട്.

Latest