Connect with us

Gulf

അടിസ്ഥാന സൗകര്യ വികസനം; അബൂദബി നഗരത്തില്‍ 120 പുതിയ പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍

Published

|

Last Updated

അബൂദബി | നഗരത്തില്‍ പുതിയ 120 പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ ഒരുക്കിയതായി അബൂദബി സിറ്റി മുന്‍സിപ്പാലിറ്റി അറിയിച്ചു. പാര്‍ക്കിംഗ് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സംയോജിത ഗതാഗത വകുപ്പുമായി ഏകോപിച്ച് 12 ലക്ഷം ദിര്‍ഹം ചെലവില്‍ അബൂദബി ദ്വീപിലെ അല്‍ മിന പ്രദേശത്തെ പോര്‍ട്ട് ഭാഗത്താണ് പുതിയ പാര്‍ക്കിംഗ് ഇടങ്ങള്‍ ഒരുക്കിയത്. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും താമസക്കാരുടെ ജീവിതനിലവാരം ഉയര്‍ത്തുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പദ്ധതി സഹായിക്കുമെന്ന് മുന്‍സിപ്പാലിറ്റി പറഞ്ഞു. താമസസ്ഥലത്ത് മതിയായ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ നല്‍കണമെന്ന താമസക്കാരുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്.

പുതിയ പാര്‍ക്കിംഗ് മേഖലയില്‍ 119 സ്റ്റാന്‍ഡേര്‍ഡ് പാര്‍ക്കിംഗും ഒമ്പത് സാധാരണ പാര്‍ക്കിംഗ് സ്ഥലങ്ങളുമുണ്ടാകും. കേന്ദ്രത്തില്‍ 4,396 ചതുരശ്ര മീറ്റര്‍ ടൈലുകള്‍, 10 സൈന്‍ബോര്‍ഡുകള്‍ സ്ഥാപിച്ചു, പുതിയ പാര്‍ക്കിംഗ് സ്ഥലങ്ങളിലേക്ക് ലൈറ്റിംഗ് ശൃംഖല വിപുലീകരിച്ചു. ഒമ്പത് എല്‍ ഇ ഡി ലൈറ്റിംഗ് പോളുകള്‍ക്കു പുറമെ, 1,302 മീറ്ററോളം റോഡ് നിര്‍മിച്ചതില്‍ 840 മീറ്റര്‍ സ്ഥലത്ത് കര്‍ബ്‌സ്റ്റോണ്‍ ടൈലുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. പഴയ ബാഹിയയില്‍ മറ്റൊരു അടിസ്ഥാന സൗകര്യ പദ്ധതികൂടി നടപ്പാക്കുമെന്ന് മുന്‍സിപ്പാലിറ്റി അറിയിച്ചു.

56 പുതിയ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ നിര്‍മിക്കുന്നത് കൂടാതെ ക്ലബ് ഏരിയയിലേക്ക് സന്ദര്‍ശകരുടെ യാത്ര സുഗമമാക്കുന്നതിന് പ്രദേശത്തേക്ക് പ്രവേശന കവാടവും സ്ഥാപിക്കും. പാര്‍ക്കിംഗ് സ്ഥലങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ട്രാഫിക് ഒഴുക്ക് നിലനിര്‍ത്തുന്നതിനും ദീര്‍ഘകാല പരിഹാരങ്ങള്‍ നല്‍കാനുള്ള മുനിസിപ്പാലിറ്റിയുടെ ശ്രമത്തിന്റെ ഭാഗമാണ് പുതിയ സംവിധാനമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു. നിയമവിരുദ്ധവും ക്രമരഹിതവുമായ പാര്‍ക്കിംഗ് കുറയ്ക്കുന്നതിനും ലഭ്യമായ പാര്‍ക്കിംഗ് സ്ഥലങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനും പാര്‍ക്കിംഗ് സ്ഥലങ്ങള്‍ തിരയുന്നതിലൂടെയുള്ള സമയനഷ്ടം കുറയ്ക്കുന്നതിനും അതനുസരിച്ച് ഉപയോക്താക്കളുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും പുതിയ കേന്ദ്രങ്ങള്‍ സഹായിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest