Connect with us

Kerala

വാക്പോരിനൊടുവിൽ സ്പീക്കർക്ക് എതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം തള്ളി

Published

|

Last Updated

തിരുവനന്തപുരം | സ്പീക്കർ ശ്രീരാമകൃഷ്ണന് എതിരായ നിയമസഭയിലെ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയം തള്ളി. പ്രമേയ അവതരണത്തിനും വാദപ്രതിവാദങ്ങൾക്കും സ്‌പീക്കറുടെ മറുപടിക്കും പിന്നാലെ പ്രതിപക്ഷ അംഗങ്ങൾ നിയസഭയിൽ നിന്നും ഇറങ്ങിപ്പോയി. തുടർന്ന് പ്രമേയം വോട്ടെടുപ്പിനിടാതെ തള്ളി.

എം ഉമ്മർ എം എൽ എ യാണ് സ്പീക്കർക്കെതിരെ നിയമസഭയിൽ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. വസ്തുതകളില്ലാത്ത പ്രമേയം തള്ളണമെന്ന് എസ്‌ ശർമ്മ ആവശ്യപ്പെട്ടെങ്കിലും ഡപ്യൂട്ടി സ്പീക്കർ പ്രമേയത്തിന് അനുമതി നൽകി. എം ഉമ്മർ അവതരിപ്പിച്ച പ്രമേയത്തിൽ സ്പീക്കർ ശ്രീരാമകൃഷ്‌ണൻ വരുത്തിവെച്ച ദുർഗന്ധം ഒരിക്കലും മായില്ലെന്ന് കുറ്റപ്പെടുത്തി. സഭയുടെ അന്തസ് കാത്തുസൂക്ഷിക്കാനാണ് പ്രമേയമെന്നും സ്പീക്കർ സ്ഥാനത്തിന് ചേർന്ന നടപടികളല്ല ശ്രീരാമകൃഷ്‌ണനിൽ നിന്ന് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ഇരുപക്ഷത്തുനിന്നും വാദങ്ങളുണ്ടായി.

പ്രമേയത്തെ അനുകൂലിച്ച ബി ജെ പി അംഗം ഒ രാജഗോപാൽ,  എല്ലാ അംഗങ്ങൾക്കും മാതൃകയാകേണ്ട വ്യക്തിയാണ് സ്പീക്കർ എന്നും വശീകരണങ്ങളിൽ പൊതുപ്രവർത്തകർ വീണുപോകരുതെന്നും പറഞ്ഞു.

സ്പീക്കറെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവും പ്രതിപക്ഷ അംഗങ്ങളും രംഗത്തെത്തിയപ്പോൾ സ്പീക്കറെ ന്യായീകരിച്ച് മുഖ്യമന്ത്രി തന്നെ മുന്നോട്ട് വന്നു. കാര്യപരിപാടികളിൽ പേരുണ്ടായിരുന്നില്ലെങ്കിലും മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് ചെയർ മുഖ്യമന്ത്രിയ്ക്ക്‌ സമയം അനുവദിച്ചു നൽകിയത്. ഇത് സംബന്ധിച്ചും സഭയിൽ തർക്കമുണ്ടായി. സ്പീക്കർക്കെതിരായ പ്രമേയം ഗൂഢാലോചനയാണെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. ചെന്നിത്തല മുഖ്യമന്ത്രിയോട് കാണിക്കുന്നത് നന്ദികേടാണ്. അന്വേഷണ ഏജൻസികൾ വഴിവിട്ട് പ്രവർത്തിക്കുകയാണെന്നും പ്രതിപക്ഷം സ്പീക്കറെ പുകമറയിൽ നിർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

മറുപടി പ്രസംഗത്തിൽ സ്പീക്കർ ആരോപണങ്ങൾക്കെല്ലാം മറുപടി നൽകി. കെ എസ് ‌യു നേതാവിൽ നിന്നും രമേശ്‌ ചെന്നിത്തല ഇനിയും വളർന്നിട്ടില്ലെന്ന് അദ്ദേഹം പരിഹസിച്ചു. സ്പീക്കറുടെ മറുപടി പ്രസംഗം അവസാനിച്ചതോടെ പ്രതിപക്ഷ വോട്ടെടുപ്പിന് നിൽക്കാതെ  സഭയിൽ നിന്നും ഇറങ്ങിപ്പോയി. പിന്നാലെ പ്രമേയം തള്ളിയതായി സഭാനിയന്ത്രിച്ച ഡപ്യൂട്ടി സ്പീക്കർ വ്യക്തമാക്കി. പ്രമേയ അവതരണവും നടപടികളും
മൂന്ന് മണിക്കൂർ നാൽപ്പത്തിയഞ്ച് മിനുട്ട് നീണ്ടു.

Latest