Kerala
ജീവനക്കാരന്‍ കോടികള്‍ തട്ടിയെടുത്ത സംഭവം; ട്രഷറി ഡയറക്ടര്‍ക്കെതിരായ നടപടി താക്കീതിലൊതുക്കി

തിരുവനന്തപുരം | ട്രഷറി തട്ടിപ്പുമായി ബന്ധപ്പെട്ടു വീഴ്ച വരുത്തിയെന്നു കണ്ടെത്തിയ ട്രഷറി ഡയറക്ടര്‍ക്കെതിരേയുള്ള നടപടി താക്കീതിലൊതുക്കി. വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ട്രഷറി ഡയറക്ടര്‍ എ എം.ജാഫറിനെ താക്കീത് ചെയ്യാന്‍ ധനവകുപ്പ് തീരുമാനിച്ചത്.
വഞ്ചിയൂര്‍ സബ്ട്രഷറിയില്‍നിന്ന് ജീവനക്കാരന്‍ നടത്തിയ കോടികളുടെ ട്രഷറി തട്ടിപ്പുമായി ബന്ധപ്പെട്ടു ട്രഷറി ഡയറക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേ കടുത്ത നടപടിയുണ്ടാകുമെന്നാണ് കരുതിയിരുന്നത്. ഇതു രണ്ടാം തവണയാണ് ജാഫറിനെ താക്കീത് ചെയ്യുന്നത്.
എറണാകുളം ജില്ലാ ട്രഷറിയിലെ ജീവനക്കാരിയെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവില്‍ സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങളുണ്ടായി എന്ന ആരോപണത്തെ തുടര്‍ന്നാണ് ആദ്യം താക്കീത് ചെയ്തത്. രണ്ടാമതും താക്കീത് ചെയ്തതോടെ ഇക്കാര്യം അദ്ദേഹത്തിന്റെ സര്‍വീസ് ബുക്കില്‍ രേഖപ്പെടുത്തും.
വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നിന്ന് 2.73 കോടി രൂപയാണ് ഒരു ജീവനക്കാരന്‍ തട്ടിയെടുത്തത്. വിരമിച്ചയാളുടെ പാസ് വേഡ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. ട്രഷറി ഡയറക്ടറേറ്റിന്റെ അനാസ്ഥ മുതലെടുത്താണ് ഇയാള്‍ തട്ടിപ്പ് നടത്തിയതെന്നായിരുന്നു അന്വേഷണത്തില്‍ കണ്ടെത്തിയത്.
അതേ സമയം, ട്രഷറി ഡയറക്ടറെ താക്കീത് ചെയ്ത സംഭവത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണം