Kerala
ഫയര്‍ഫോഴ്‌സിലും ഇന്റലിജന്‍സ്, വിജിലന്‍സ് സംഘങ്ങള്‍ രൂപവത്കരിക്കാന്‍ നീക്കം

തിരുവനന്തപുരം | സംസ്ഥാനത്ത് ഫയര്‍ഫോഴ്‌സിലും ഇന്റലിജന്‍സ്, വിജിലന്‍സ് സംഘങ്ങള്‍ വരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഫയര്‍ഫോഴ്‌സ് മേധാവി എ ഡി ജി പി. ബി സന്ധ്യയാണ് പരിഷ്‌കാരം നടപ്പിലാക്കുന്നത്. കെട്ടിട നിര്‍മാണത്തിന് ഫയര്‍ഫോഴ്‌സിന്റെ എന്‍ ഒ സി ലഭിക്കുന്നതിന് ഉദ്യോഗസ്ഥര്‍ വ്യാപകമായി കോഴ വാങ്ങുന്നുവെന്നതുള്‍പ്പെടെയുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. ജില്ലാ തലത്തിലാണ് ആദ്യഘട്ടത്തില്‍ വിജിലന്‍സ് സംഘം രൂപവത്കരിക്കുക. ഫയര്‍ഫോഴ്‌സിലെ നിലവിലുള്ള ഉദ്യോഗസ്ഥരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗസ്ഥരെയാണ് ഇരു ടീമിലും ഉള്‍പ്പെടുത്തുക.
ഇനി മുതല്‍ കെട്ടിട നിര്‍മാണ എന്‍ ഒ സി ലഭിക്കാന്‍ ഓണ്‍ലൈനിലൂടെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്നും അതിനായുള്ള നടപടികള്‍ മുന്നോട്ടു പോവുകയാണെന്നും എ ഡി ജി പി പറഞ്ഞു. പരിഷ്‌കാരങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ നിലവിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. തീപ്പിടിത്ത സാധ്യതയുള്ള കെട്ടിടങ്ങളുടെ പൂര്‍ണ വിവരങ്ങള്‍ ഇന്റലിജന്‍സ് വിഭാഗം ശേഖരിച്ച് ഫയര്‍ഫോഴ്‌സ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്ന് തീപ്പിടിത്തമുണ്ടാകാതിരിക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കും. ഉദ്യോഗസ്ഥര്‍ അഴിമതി നടത്തിയാല്‍ കണ്ടെത്താനും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനുമാണ് വിജിലന്‍സ് ടീം രൂപവത്കരിക്കുന്നത്.