Kerala
സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ യു ഡി എഫില്‍ സമ്മര്‍ദം ശക്തമാക്കി പി ജെ ജോസഫ്

ഇടുക്കി | നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയെടുക്കാനുള്ളഴ ചരടുവലികള്‍ക്ക് തടക്കമിട്ട് കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ്. കോട്ടയത്തിനും ഇടുക്കിക്കും പുറമെ എറണാകുളത്തും കൂടുതല്‍ സീറ്റുകള്‍ ഉറപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എറണാകുളത്ത് രണ്ട് സീറ്റ് വേണമെന്നാണ് ജോസഫിന്റെ ആവശ്യം. കഴിഞ്ഞ തവണ മത്സരിച്ച കോതമംഗലത്തിന് പുറമെ മൂവാറ്റുപുഴ സീറ്റിനായാണ് ജോസഫിന്റെ സമ്മര്‍ദം.
കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് എറണാകുളം ജില്ലയില്‍ കോതമംഗലം സീറ്റ് മാത്രം നല്‍കിയാല്‍ മതിയെന്നാണ് കോണ്‍ഗ്രസിലെ ഏകദേശധാരണ. കോതമംഗലത്ത് കേരള കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ഷിബു തെക്കുംപുറം യു ഡി എഫ് സ്ഥാനാര്‍ഥിയാകും. മൂവാറ്റുപുഴ സീറ്റ് കൂടി ലഭിച്ചാല്‍ ഇവിടെ ഫ്രാന്‍സിസ് ജോര്‍ജിനെ കളത്തിലിറക്കാനാണ് ജോസഫ് ഗ്രൂപ്പിന്റെ നീക്കം. രണ്ടു സീറ്റുകളിലും ജോസഫ് ഗ്രൂപ്പ് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
എന്നാല്‍ മൂവാറ്റുപുഴ സീറ്റ് വിട്ടു നല്‍കേണ്ടെന്നാണ് കോണ്‍ഗ്രസ് നിലപാട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഐ ഗ്രൂപ്പിലെ കരുത്തനുമായ ജോസഫ് വാഴക്കന്‍ മൂവാറ്റുപുഴ സീറ്റിനായി രംഗത്തുണ്ട്. മൂവാറ്റുപുഴയില്‍ ഇതിനകം ജോസഫ് വാഴക്കന്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുമുണ്ട്. ഇതോടെ മൂവാറ്റുപുഴയെ ചൊല്ലി യു ഡി എഫില്‍ തര്‍ക്കമുണ്ടാകുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. എന്നാല്‍ പാലായിലും കുട്ടനാട്ടിലും വിട്ടുവീഴ്ചകള്‍ക്ക് വഴിയൊരുങ്ങിയതോടെ പകരം ആവശ്യപ്പെടുന്ന സീറ്റുകളില്‍ മൂവാറ്റുപുഴക്കാണ് ജോസഫ് ഗ്രൂപ്പ് പ്രധാന പരിഗണന നല്‍കുന്നത്.