Editorial
കര്‍ഷക നേതാക്കളെ ഒടുവില്‍ രാജ്യദ്രോഹികളുമാക്കി

കേന്ദ്ര സര്‍ക്കാറിന്റെ പുതിയ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ തീവ്രവാദികളാണത്രെ. കര്‍ഷക പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുള്ള നേതാക്കള്‍ക്കും അവരെ പിന്തുണക്കുന്ന ആക്ടിവിസ്റ്റുകള്‍ക്കും മാധ്യമ പ്രവര്‍ത്തകനും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസയച്ചിരിക്കുകയാണ് കേന്ദ്ര അന്വേഷണ ഏജന്‍സി എന്‍ ഐ എ. ഖലിസ്ഥാന്‍ സംഘടനകള്‍ കര്‍ഷക പ്രക്ഷോഭത്തില്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്നും അവര്‍ വിദേശത്ത് നിന്ന് ഫണ്ട് ശേഖരിക്കുന്നുവെന്നുമാണ് കേന്ദ്ര സര്‍ക്കാറും എന്‍ ഐ എയും ആരോപിക്കുന്നത്. സിഖ് ഫോര്‍ ജസ്റ്റിസ് (സി എഫ് ജെ) എന്ന നിരോധിത സംഘടന, ബാബര്‍ ഖല്‍സ ഇന്റര്‍നാഷനല്‍, ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ്, ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സ് തുടങ്ങിയ സംഘടനകള്‍ ചേര്‍ന്ന് ജനങ്ങളില്‍ ഭീതിയുണര്‍ത്താനും ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കാനും ഗൂഢാലോചന നടത്തിയെന്നാണ് എന്‍ ഐ എയുടെ വാദം. സര്‍ക്കാറുമായി ചര്‍ച്ചനടത്തിക്കൊണ്ടിരിക്കുന്ന ഭലായ് ഇന്‍സാഫ് വെല്‍ഫെയര്‍ സൊസൈറ്റി അധ്യക്ഷന്‍ ബല്‍ദേവ് സിംഗുമുണ്ട് കുറ്റം ചുമത്തപ്പെട്ടവരുടെ ഗണത്തില്‍. ജലന്ധറില്‍ നിന്നുള്ള ബല്‍വിന്ദര്‍ പാല്‍ സിംഗാണ് നോട്ടീസ് ലഭിച്ച മാധ്യമ പ്രവര്‍ത്തകന്‍. കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് ആശങ്കയുണ്ടാക്കുന്നതിനും കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നതിനുമായി ചില തത്പര കക്ഷികള്‍ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നതായി സുപ്രീം കോടതിയില്‍ ആരോപിക്കുകയും ചെയ്തിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത.
വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്തിരിയുകയില്ലെന്ന നിലപാടില്‍ ഒമ്പതാം വട്ട ചര്‍ച്ചയിലും കര്‍ഷകര്‍ ഉറച്ചു നിന്നതോടെ പ്രക്ഷോഭം അട്ടിമറിക്കാനുള്ള സര്‍ക്കാറിന്റെ ഗൂഢ ശ്രമമാണ് എന്‍ ഐ എയെ ഉപയോഗപ്പെടുത്തിയുള്ള പുതിയ കളിയെന്നാണ് വിലയിരുത്തപ്പെടുന്നത്. യു എ പി എ, രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് 2020 ഡിസംബര്‍ 15ന് സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനക്കെതിരെ ഡല്‍ഹിയില്‍ എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് കര്‍ഷക നേതാക്കള്‍ക്ക് നോട്ടീസ് അയച്ചത്. ഡിസംബര്‍ 12ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്‍ ഐ എ, ഇ ഡി, ആദായനികുതി വകുപ്പ്, സി ബി ഐ, എഫ് സി ആര്‍ എ വിഭാഗം എന്നിവരുടെ യോഗം വിളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിഖ് ഫോര്‍ ജസ്റ്റിസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. കര്‍ഷക സമരത്തെ ലക്ഷ്യം വെച്ചാണ് മേല്‍ നീക്കങ്ങളെല്ലാമെന്നാണ് കര്‍ഷക സംഘടനകളും ശിരോമണി അകാലിദള്‍ തുടങ്ങി രാഷ്ട്രീയ പാര്‍ട്ടികളും പറയുന്നത്. ആദ്യം സുപ്രീം കോടതിയിലൂടെ സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ചു. ഇപ്പോള്‍ എന്‍ ഐ എയെയും ഉപയോഗിക്കുകയാണെന്നാണ് കര്‍ഷക നേതാവ് പുരണ്‍ സിംഗിന്റെ പ്രതികരണം. എന്‍ ഐ എ നീക്കങ്ങളെ നിയമപരമായി നേരിട്ട് സമരവുമായി ശക്തമായി മുന്നോട്ടു പോകാനാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം.
സര്‍ക്കാറിന്റെ വികല നയങ്ങളെ വിമര്‍ശിക്കുന്നവരെയും അതിനെതിരെ പ്രതിഷേധിക്കുന്നവരെയും വ്യാജ കേസ് ചുമത്തി നിര്‍വീര്യരാക്കുകയെന്നത് മോദി സര്‍ക്കാറിന്റെ സ്ഥിരം അടവാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിലും ജെ എന്‍ യു, ജാമിഅ മില്ലിയ്യ, അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥി സമരങ്ങളിലും കേന്ദ്രവും സംഘ്പരിവാര്‍ നിയന്ത്രിത സ്ഥാപന മേധാവികളും ഈ തന്ത്രം പ്രയോഗിച്ചതാണ്. രാജ്യദ്രോഹികളാണ് സമരത്തിന് ചുക്കാന്‍ പിടിക്കുന്നതെന്ന് ആരോപിച്ചാണ് പൗരത്വ നിയമ ഭേദഗതി സമരത്തിനിടെ സമാധാനപരമായി പ്രതിഷേധിച്ചവരെ പോലീസ് തല്ലിച്ചതച്ചതും കച്ചവട സ്ഥാപനങ്ങളും വീടുകളും നശിപ്പിച്ചതുമെല്ലാം. ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഉള്‍പ്പെടെ മനുഷ്യാവകാശ സംഘടനകള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കര്‍ഷക സമരം തുടരുകയാണ്. കേന്ദ്രം ഒമ്പത് വട്ടം ചര്‍ച്ച നടത്തി. എന്നാല്‍ സര്‍ക്കാര്‍ നിലപാടില്‍ അയവ് കാണിക്കാത്തതാണ് ചര്‍ച്ചകള്‍ പരാജയപ്പെടാനും സമരം ഇത്രയും നീണ്ടുപോകാനും ഇടയാക്കിയത്. നിയമം പിന്‍വലിക്കണമെന്നും ആവശ്യമെങ്കില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം അപാകതകള്‍ പരിഹരിച്ച് സമഗ്രമായ മറ്റൊരു നിയമം കൊണ്ടുവരാമെന്നതുമാണ് തുടക്കം മുതലേ കര്‍ഷക സംഘടനകളുടെ നിലപാട്. എന്നാല്‍ നിയമം പിന്‍വലിക്കുന്ന പ്രശ്‌നമേയില്ലെന്ന പിടിവാശി തുടരുകയാണ് കേന്ദ്രം. നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ പിറകോട്ടില്ലെന്നും കര്‍ഷകര്‍ മറ്റെന്താവശ്യപ്പെട്ടാലും അംഗീകരിക്കാമെന്നുമാണ് ഇക്കഴിഞ്ഞ ദിവസവും ആഭ്യന്തര മന്ത്രി അമിത് ഷായും കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറും ആവര്‍ത്തിച്ചത്. വിവാദ നിയമങ്ങള്‍ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ സഹായകമാകുമെന്നും അമിത് ഷാ അവകാശപ്പെടുന്നു. സര്‍ക്കാറിന്റെ ഈ അവകാശവാദം കര്‍ഷകര്‍ക്ക് ബോധ്യപ്പെടേണ്ടേ? നിയമം ആത്യന്തികമായി കര്‍ഷകര്‍ക്ക് ദോഷകരമാണെന്ന് സര്‍ക്കാറിനും അറിയാത്തതല്ല. പാര്‍ലിമെന്റില്‍ ചര്‍ച്ച അനുവദിക്കാതെ അപ്പം ചുട്ടെടുക്കുന്ന ലാഘവത്തില്‍ നിയമം പാസ്സാക്കിയെടുത്തത് ഇതുകൊണ്ടായിരുന്നല്ലോ.
നാളെ പത്താംവട്ട ചര്‍ച്ച നടക്കുകയാണ്. ഇന്നും തീരുമാനമായില്ലെങ്കില്‍ വര്‍ഷങ്ങള്‍ തന്നെ നീണ്ടാലും സമരം തുടരുമെന്നാണ് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയത്. റിപ്പബ്ലിക് ദിനത്തല്‍ പ്രതിഷേധ സൂചകമായി ട്രാക്ടര്‍ റാലി നടത്താനും തീരുമാനിച്ചിട്ടുണ്ട്. ട്രാക്ടര്‍ റാലി നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടപ്പോള്‍, ക്രമസമാധാനവുമായി ബന്ധപ്പെട്ട പ്രശ്‌നമായതിനാല്‍ കോടതിയല്ല ഡല്‍ഹി പോലീസാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റെ നിരീക്ഷണം. ഡല്‍ഹി നഗരത്തില്‍ ആരെയൊക്കെ പ്രവേശിപ്പിക്കണമെന്നും എത്ര പേരെ പ്രവേശിപ്പിക്കണമെന്നും പോലീസിന് തീരുമാനിക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു. ഇതടിസ്ഥാനത്തില്‍ ട്രാക്ടര്‍ റാലി നിരോധിക്കാനുള്ള ആലോചനയിലാണ് കേന്ദ്രമെന്നാണ് വിവരം. അത് സംഘര്‍ഷത്തിന് വഴിവെക്കാനാണ് സാധ്യത. അതൊഴിവാക്കാന്‍ ഇരു വിഭാഗവും വിശിഷ്യാ കേന്ദ്രം വിട്ടുവീഴ്ചക്ക് സന്നദ്ധമാകേണ്ടതുണ്ട്.