Gulf
മൂടല്‍മഞ്ഞ്; ദുബൈയില്‍ മൂന്ന് മണിക്കൂറിനിടെ 24 വാഹനാപകടങ്ങള്‍

ദുബൈ | ദുബൈയില്‍ ഇന്നലെ രാവിലെ വ്യാപകമായി അനുഭവപ്പെട്ട കനത്ത മൂടല്‍മഞ്ഞ് വാഹനമോടിക്കുന്നവര്‍ക്ക് വലിയ പ്രയാസം സൃഷ്ടിച്ചു. മൂടല്‍മഞ്ഞ് മൂലം തൊട്ടു മുമ്പിലുള്ള വാഹനം പോലും കൃത്യമായി കാണാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. മൂടല്‍ മഞ്ഞിന് സാധ്യതയുണ്ടെന്നും വാഹനമോടിക്കുന്നവര്‍ അതീവ ശ്രദ്ധ കൈക്കൊള്ളണമെന്നും വിവിധ പോലീസ് വിഭാഗങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു.
കനത്ത മൂടല്‍മഞ്ഞ് കാരണം എമിറേറ്റിലെ നിരവധി പ്രദേശങ്ങളില്‍ രാവിലെ ആറ് മുതല്‍ ഒമ്പത് വരെയുള്ള മൂന്ന് മണിക്കൂറില്‍ 24 വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് ദുബൈ പോലീസ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ അറിയിച്ചു. ഇതേ സമയത്തിനുള്ളില്‍ 1,810 എമര്‍ജന്‍സി കോളുകള്‍ കൈകാര്യം ചെയ്തതായും സെന്റര്‍ അറിയിച്ചു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അപകടങ്ങളില്‍ ഒന്ന് ഗുരുതരമാണെന്ന് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ ഡയറക്ടര്‍ കേണല്‍ തുര്‍ക്കി അബ്ദുര്‍റഹ്മാന്‍ ബിന്‍ ഫാരിസ് വ്യക്തമാക്കി.
സാധാരണ കണ്‍ട്രോള്‍ സെന്ററില്‍ എത്തുന്ന കോളുകളെ അപേക്ഷിച്ച് 30 ശതമാനത്തിന്റെ വര്‍ധനയാണ് ഇന്നലെ രേഖപ്പെടുത്തിയതെന്നും കേണല്‍ ഫാരിസ് ചൂണ്ടിക്കാട്ടി. അയല്‍ എമിറേറ്റുകളിലെ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് ജനറല്‍ ഓപ്പറേഷന്‍സ് വകുപ്പ് ഞായറാഴ്ച പുലര്‍ച്ചെയാണ് മോശം കാലാവസ്ഥയുടെ വെളിച്ചത്തില്‍ “ഫോഗ് സിസ്റ്റം” പ്രവര്‍ത്തിപ്പിച്ചതെന്ന് കേണല്‍ ഫാരിസ് പറഞ്ഞു. മൂടല്‍മഞ്ഞ് നിറഞ്ഞ കാലാവസ്ഥയില്‍ ദേശീയപാതകളില്‍ ട്രക്കുകളുടെയും ഭാരവാഹനങ്ങളുടെയും ചലനങ്ങള്‍ നിര്‍ത്തലാക്കുന്നതാണ് ഫോഗ് സിസ്റ്റം. സുഗമമായ ഗതാഗതം ഉറപ്പുവരുത്തുന്നതിനും വലിയ അപകടങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനും സിസ്റ്റം സഹായിക്കും.