Connect with us

Ongoing News

ഒടുവിൽ ഗംഭീര ജയവുമായി നോര്‍ത്ത് ഈസ്റ്റ്; ജാംഷഡ്പൂരിനെ തകര്‍ത്തു

Published

|

Last Updated

മഡ്ഗാവ് | ഐ എസ് എല്ലിലെ 61ാം മത്സരത്തില്‍ ജാംഷഡ്പൂര്‍ എഫ് സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സി. തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ അരങ്ങേറിയ മത്സരത്തിന്റെ 36ാം മിനുട്ടില്‍ അശുതോഷ്, 61ാം മിനുട്ടില്‍ ദേഷോണ്‍ ബ്രൗണ്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്. കിണഞ്ഞുശ്രമിച്ചതിന്റെ ഫലമായി അവസാന നിമിഷം ആശ്വാസ ഗോള്‍ നേടാന്‍ ജാംഷഡ്പൂരിന് സാധിച്ചു.

തുടര്‍ച്ചയായ ജയമില്ലാത്ത ഏഴ് മത്സരങ്ങള്‍ക്ക് ശേഷമാണ് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് മത്സരത്തിനെത്തിയത്. ആദ്യ പകുതിയിലുടനീളം പന്തിന്റെ മേല്‍ക്കൈ മാത്രമല്ല നല്ല അവസരങ്ങളുമുണ്ടാക്കുന്നതിലും നോര്‍ത്ത് ഈസ്റ്റ് ജയിച്ചു. ഇടക്കാല ഹെഡ് കോച്ചായി ഖാലിദ് ജമീല്‍ ചുമതലയേറ്റത് കളിയില്‍ പ്രതിഫലിച്ചു.

32ാം മിനുട്ടില്‍ ലൂയിസ് മക്കാഡോയുടെ തകര്‍പ്പന്‍ ഷോട്ട് ജാംഷഡ്പൂരിന്റെ ഗോള്‍വല കാക്കുന്ന ടി പി രഹ്നേഷ് സേവ് ചെയ്യുകയായിരുന്നു. സുഹൈര്‍ വടക്കേപീടികയുടെ ക്രോസ്സ് ആണ് മക്കാഡോ ഗോള്‍മുഖത്തേക്ക് ഷോട്ടുതിര്‍ത്തത്. എന്നാല്‍ നാല് മിനുട്ട് കഴിഞ്ഞപ്പോഴേക്കും അശുതോഷ് മെഹ്തയിലൂടെ ആദ്യ ഗോള്‍ നേടാന്‍ നോര്‍ത്ത് ഈസ്റ്റിനായി. ഗോളിന് ശേഷവും ജമീലിന്റെ കുട്ടികള്‍ അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നു.

36ാം മിനുട്ടില്‍ ഫെഡറികോ ഗാലെഗോയുടെ കോര്‍ണര്‍ കിക്കാണ് അശുതോഷ് ഗംഭീര ഹെഡറിലൂടെ ഗോളാക്കിയത്. 19ാം മിനുട്ടിലാണ് മത്സരത്തിലെ ആദ്യ മഞ്ഞക്കാര്‍ഡ് പൊങ്ങിയത്. ജാംഷഡ്പൂരിന്റെ അമര്‍ജിത് സിംഗിനാണ് മഞ്ഞക്കാര്‍ഡ് ലഭിച്ചത്.

രണ്ടാം പകുതിയുടെ ആദ്യത്തില്‍ തന്നെ ഇരുടീമുകളും പകരക്കാരെയിറക്കി. ഇദ്രീസ് സില്ലക്ക് പകരം നോര്‍ത്ത് ഈസ്റ്റ് ദേഷോണ്‍ ബ്രൗണിനെ ഇറക്കിയപ്പോള്‍ ജാംഷഡ്പൂര്‍ മൂന്ന് പേരെയാണ് മാറ്റിയത്. അനികേത് ജാദവിന് പകരം ഐസക് വന്‍മല്‍സാവ്മയെയും ജാക്കിചന്ദ് സിംഗിന് പകരം വില്യം ലാല്‍നുന്‍ഫെലയെയും അമര്‍ജിത് സിംഗിന് പകരം മുഹമ്മദ് മുബശ്ശിറിനെയും ജാംഷഡ്പൂര്‍ ഇറക്കി.

ദേഷോണ്‍ ബ്രൗണിനെ ഇറക്കിയതിന്റെ ഫലം 61ാം മിനുട്ടില്‍ നോര്‍ത്ത് ഈസ്റ്റിന് ലഭിച്ചു. മൈതാനത്തിന്റെ പകുതിയില്‍ വെച്ച് ജാംഷഡ്പൂരിന്റെ ഐസകിന് വന്ന പിഴവ് മുതലെടുത്ത് പന്തുമായി കുതിച്ച ദേഷോണ്‍ ബ്രൗണ്‍ തകര്‍പ്പന്‍ ഷോട്ടിലൂടെ ഗോളാക്കുകയായിരുന്നു. നാല് മിനുട്ടിനകം ബ്രൗണിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. 62ാം മിനുട്ടില്‍ ജാംഷഡ്പൂരിന്റെ മുബശ്ശിറും മഞ്ഞക്കാര്‍ഡ് കണ്ടിരുന്നു. 69, 71 മിനുട്ടുകളില്‍ നോര്‍ത്ത് ഈസ്റ്റിന്റെ ലാലെംഗ്മാവിയക്കും ജാംഷഡ്പൂരിന്റെ നരേന്ദര്‍ ഗഹ്ലോട്ടിനും മഞ്ഞക്കാര്‍ഡ് ലഭിച്ചു.

72ാം മിനുട്ടില്‍ നോര്‍ത്ത് ഈസ്റ്റ് ഗോളി സുഭാശിഷ് റോയിയുടെ പിഴവ് മുതലെടുത്ത് ജാംഷഡ്പൂരിന്റെ നെരിജസ് വാല്‍സ്‌കിസ് ഷോട്ടുതിര്‍ത്തെങ്കിലും ബോളിന്റെ ദിശയില്‍ തന്നെ സുഭാശിഷ് ചാടിയതിനാല്‍ സേവ് ചെയ്യാനായി. 84ാം മിനുട്ടിലും സുഭാശിഷ് രക്ഷകനായി. ജാംഷഡ്പൂരിന്റെ റിക്കി ലല്ലാവ്മാവ്മയുടെ ക്രോസ്സ് വില്യം ലാല്‍നുന്‍ഫെലക്ക് കിട്ടും മുമ്പ് സുഭാശിഷ് ചാടിപ്പിടിച്ചു.

എന്നാല്‍, 89ാം മിനുട്ടില്‍ പിറ്റര്‍ ഹാര്‍ട്ടലിയിലൂടെ ജാംഷഡ്പൂര്‍ ആശ്വാസ ഗോള്‍ നേടി. അയ്തോർ മോൺറോയിയെടുത്ത കോർണർ കിക്ക് ചുമലു കൊണ്ട് വലയിലാക്കുകയായിരുന്നു അദ്ദേഹം. ഈ ഗോള്‍ പിറക്കുന്നതിന് തൊട്ടുമുമ്പ് നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍ മുഖത്ത് ഒരു കൂട്ടപ്പൊരിച്ചിലുണ്ടായിരുന്നു. മിഡ്ഫീല്‍ഡില്‍ നിന്ന് അയ്‌തോര്‍ മോണ്‍റോയ് നല്‍കിയ ബോള്‍ ജോണ്‍ ഫിറ്റസ്‌ജെറാള്‍ഡ് നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍മുഖത്തേക്ക് അടിച്ചെങ്കിലും ഗോളി സുഭാശിഷ് റോയ് തടഞ്ഞു. തിരിച്ചുവന്ന പന്ത് നെരിജസ് വാല്‍സ്‌കിസിന്റെ കാലിലാണ് കിട്ടിയത്. എന്നാല്‍, അദ്ദേഹത്തിന്റെ ഷോട്ടും സുഭാശിഷ് തടഞ്ഞു. തടഞ്ഞ പന്ത് കിട്ടിയതാകട്ടെ ഫിറ്റ്‌സജെറാള്‍ഡിനും. ഉഗ്രന്‍ ഷോട്ട് അദ്ദേഹം നടത്തിയെങ്കിലും സുഭാശിഷ് തടയുകയും കോര്‍ണറാകുകയും ചെയ്തു. ഈ കോര്‍ണറാണ് പിന്നീട് ഹാര്‍ട്ട്‌ലി ഗോളാക്കിയത്.

നിശ്ചിത സമയത്തിന് ശേഷം ആറ് മിനുട്ട് അധികം അനുവദിച്ചെങ്കിലും സമനില ഗോള്‍ നേടാന്‍ ജാംഷഡ്പൂരിന് സാധിച്ചില്ല.

Latest