Alappuzha
മുട്ടേല്‍ പാലം മന്ത്രി സുധാകരന്‍ ഇന്ന് നാടിന് സമര്‍പ്പിക്കും

കായംകുളം | ദേവികുളങ്ങര ഗ്രാമ പഞ്ചായത്തിനെയും കായംകുളത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മുട്ടേല്‍ പാലത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് നാലിന് കായംകുളത്ത് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ നിര്‍വഹിക്കും. കായംകുളം എം എല്‍ എ. യു പ്രതിഭ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. 7.55 കോടി രൂപ ചെലവിലാണ് പൊതുമരാമത്ത് വകുപ്പ് പാലം നിര്‍മിച്ചത്.
2018 ല്‍ ഭരണാനുമതി ലഭിച്ച് 2019 ല്‍ നിര്‍മാണം ആരംഭിച്ച പാലമാണിത്. കൊവിഡ് പ്രതിസന്ധിക്കിടയിലും നിര്‍മാണം ദ്രുതഗതിയിലാണ് പൂര്‍ത്തീകരിച്ചത്. ബോസ്ട്രിങ് ആര്‍ച്ച് മാതൃകയില്‍ നിര്‍മിച്ച പാലത്തിന് 11 മീറ്റര്‍ വീതിയും 30 മീറ്റര്‍ നീളവുമുണ്ട്. പാലത്തില്‍ നടപ്പാതയും സൗരോര്‍ജ വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. തൂണുകള്‍ ദ്രവിച്ച് കോണ്‍ക്രീറ്റ് അടര്‍ന്നു വീണ് ഏത് നിമിഷവും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലായിരുന്ന, അര നൂറ്റാണ്ടിലധികം പഴക്കമുള്ള പാലം പൊളിച്ചുമാറ്റിയാണ് പുതിയ ആര്‍ച്ച് പാലം നിര്‍മിച്ചിരിക്കുന്നത്.