Connect with us

Ongoing News

കരുത്തുറ്റ പ്രതിരോധ കോട്ട കെട്ടി ഹൈദരാബാദ്; മുംബൈക്ക് സമനിലപ്പൂട്ട്

Published

|

Last Updated

ബാംബോലിം | പട്ടികയിലെ ഒന്നാം സ്ഥാനക്കാരും നാലാം സ്ഥാനക്കാരും ഏറ്റുമുട്ടിയ ഐ എസ് എല്ലിലെ 60ാം മത്സരം ഗോൾരഹിത സമനിലയിൽ. ബാംബോലിമിലെ ജി എം സി സ്‌റ്റേഡിയത്തില്‍ അരങ്ങേറിയ മത്സരത്തില്‍ ഇരുപക്ഷവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഏതുവിധേനയും ഗോള്‍ തടയുകയെന്ന തന്ത്രമാണ് ഹൈദരാബാദ് പുറത്തെടുത്തതെങ്കില്‍ ആക്രമിച്ച് കളിച്ച് വിജയം നേടുകയായിരുന്നു മുംബൈയുടെ ലക്ഷ്യം.

ഒന്നാം പകുതിയില്‍ കനത്ത ആക്രമണമാണ് ഹൈദരാബാദിനെതിരെ മുംബൈ നടത്തിയത്. എന്നാല്‍, പ്രതിരോധം ശക്തമാക്കി ഗോള്‍ വീഴുന്നത് ഹൈദരാബാദ് തടഞ്ഞു. യുവ പ്രതിരോധ ഭടനായ ആകാശ് മിശ്ര മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മുംബൈക്ക് ഒരു ഷോട്ട് മാത്രമാണ് ഹൈദരാബാദ് ഗോള്‍മുഖത്തേക്ക് ഉതിര്‍ക്കാനായത്.

ഹൈദരാബാദിന്റെ ജോയല്‍ ചിയാനിസിന് ആദ്യപകുതിയില്‍ മികച്ച അവസരം ലഭിച്ചെങ്കിലും അമരീന്ദര്‍ സിംഗ് തടഞ്ഞു. ആദ്യപകുതിയില്‍ ഒരു മഞ്ഞക്കാര്‍ഡ് മാത്രമാണ് ഉയര്‍ന്നത്. ഹൈദരാബാദിന്റെ ചിംഗ്ലെന്‍സാന സിംഗിനാണ് മഞ്ഞക്കാര്‍ഡ് ലഭിച്ചത്.

രണ്ടാം പകുതിയാരംഭിച്ച് തൊട്ടുടനെ ഹൈദരാബാദിന് മികച്ച അവസരം ലഭിച്ചിരുന്നു. മുംബൈ ഗോളി അമരീന്ദറിന്റെ പിഴവിലാണ് ഈ അവസരം പിറന്നത്. മൗര്‍താഡ ഫാളില്‍ നിന്ന് ലഭിച്ച ബാക് പാസ്സ് പെട്ടെന്ന് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ ഇടതുഭാഗത്തുണ്ടായിരുന്ന ഹൈദരാബാദിന്റെ ലിസ്റ്റണ്‍ കൊളാകോക്കാണ് ലഭിച്ചത്. പെനാല്‍റ്റി ഭാഗത്തിന്റെ തൊട്ടടുത്ത് നിന്നായിരുന്നു ഇത്. എന്നാല്‍ കൊളാകോയുടെ ലോംഗ് റേഞ്ചര്‍ പോസ്റ്റില്‍ നിന്ന് ഏറെ മാറിയാണ് പോയത്.

രണ്ടാം പകുതിയില്‍ 59ാം മിനുട്ടില്‍ മുംബൈയുടെ ബിപിന്‍ സിംഗിന് പകരമായി വിഗ്നേശ് ദക്ഷിണാമൂര്‍ത്തിയെത്തി. അധികം വൈകാതെ ഗോള്‍ നേടുകയെന്ന ലക്ഷ്യത്തോടെ ബാര്‍തോലോമേവ് ഒഗ്‌ബെച്ചയുമെത്തി. സി ഗോദാര്‍ഡിന് പകരമായാണ് മുംബൈയുടെ ഈ തുറുപ്പുചീട്ട് എത്തിയത്. 69ാം മിനുട്ടില്‍ മുംബൈയുടെ ഹെര്‍ണന്‍ സന്താനക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു. 74ാം മിനുട്ടില്‍ അരിഡാന സന്താനക്ക് പകരം റൊളന്‍ഡ് ആല്‍ബെര്‍ഗിനെ ഹൈദരാബാദ് കളത്തിലിറക്കി.

അവസാന മിനുട്ടുകളില്‍ ഇരു ടീമുകളും പലതവണ പകരക്കാരെ പരീക്ഷിച്ചു. 78ാം മിനുട്ടില്‍ ഹൈദരാബാദിന്റെ മുഹമ്മദ് യാസിറിന് പകരം ഹലിചരണ്‍ നര്‍സാരി വന്നു. എതിര്‍പക്ഷത്ത് 80ാം മിനുട്ടില്‍ റയ്‌നീര്‍ ഫെര്‍ണാണ്ടസിന് പകരം വിക്രം പ്രതാപ് സിംഗിനെ മുംബൈ ഇറക്കി. 81ാം മിനുട്ടില്‍ ഹൈദരാബാദ് നിരയില്‍ ജോയല്‍ ചിയാനീസിന് പകരക്കാരനായി എത്തിയത് സാഹില്‍ തവോരയായിരുന്നു.

83ാം മിനുട്ടില്‍ ഹൈദരാബാദിന്റെ പ്രതിരോധ ഭടന്‍ ആകാശ് മിശ്രയെ പിറകില്‍ നിന്ന് ടാക്കിള്‍ ചെയ്ത മുംബൈയുടെ വിക്രം പ്രതാപ് സിംഗിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. തൊട്ടടുത്ത മിനുട്ടില്‍ മുംബൈയുടെ തന്നെ ആദം ലെ ഫോന്ദ്രക്കും മഞ്ഞക്കാര്‍ഡ് ലഭിച്ചു. നിശ്ചിത സമയം പൂർത്തിയായപ്പോൾ റഫറി അഞ്ച് മിനുട്ട് അധികം അനുവദിച്ചെങ്കിലും ഗോൾ നേടാൻ ഇരു ടീമുകൾക്കും സാധിച്ചില്ല.

Latest