Gulf
പ്രവാസികള്‍ക്ക് ആശ്വാസമേകി സംസ്ഥാന ബജറ്റ്

ദമാം | പ്രവാസികള്‍ക്ക് സമാശ്വാസവുമായി സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ്. പ്രവാസി ക്ഷേമനിധിക്ക് ഒമ്പത് കോടിയും തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ഏകോപിത പ്രവാസി തൊഴില്‍ പദ്ധതിയിലൂടെ നൈപുണ്യ പരിശീലനം നല്‍കി വീണ്ടും വിദേശത്ത് പോകാനുള്ള സഹായമായി 100 കോടിയും രൂപധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
പ്രവാസി സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടിയും നീക്കിവച്ചിട്ടുണ്ട്. പ്രവാസി ക്ഷേമ പെന്‍ഷന്‍ 3000 രൂപയില്‍ നിന്ന് 3500 രൂപയായി വര്‍ധിപ്പിച്ചു. അതേസമയം, അംശദായ തുകയില്‍ 50 രൂപയുടെ വര്‍ധന വരുത്തിയിട്ടുണ്ട്. പ്രവാസികള്‍ 350 രൂപയും, നാട്ടില്‍ തിരിച്ചെത്തിയവര്‍ 200 രൂപയുമാണ് അംശദായം അടയ്‌ക്കേണ്ടത്. വിദേശത്തു കഴിയുന്നവര്‍ക്കും നാട്ടില്‍ സ്ഥിരതാമസമാക്കിയവര്‍ക്കും യഥാക്രമം 3500, 3000 എന്നീ നിരക്കിലാണ് ഇനിമുതല്‍ പെന്‍ഷന്‍ ലഭിക്കുക.
കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ലക്ഷക്കണക്കിന് പ്രവാസികളാണ് തൊഴില്‍ രഹിതരായി കേരളത്തിലെത്തിയത്. ഇവര്‍ക്ക് ആശ്വാസം നല്‍കുന്ന ഏകോപിത പ്രവാസി തൊഴില്‍ പദ്ധതി വഴി മടങ്ങിവരുന്നവരുടെ പട്ടിക തയാറാക്കി ഇവര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി വീണ്ടും വിദേശത്ത് പോകാനുള്ള സഹായം ലഭ്യമാക്കുന്നതിലൂടെ നിരവധി പ്രവാസികള്‍ക്ക് തിരിച്ചുവരവിനുള്ള വഴിയൊരുങ്ങും. പ്രവാസി കേരളീയ ക്ഷേമനിധിയില്‍ വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്കും വിദേശത്ത് രണ്ട് വര്‍ഷമെങ്കിലും ജോലി ചെയ്ത ശേഷം തിരിച്ചു വന്ന് കേരളത്തില്‍ സ്ഥിരതാമസമാക്കിയവര്‍ക്കും, കേരളത്തിന് പുറത്ത് ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്ത് ജോലി സംബന്ധമായി കുറഞ്ഞത് ആറുമാസമായി താമസിച്ചു വരുന്നവര്‍ക്കും 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കുമാണ് ക്ഷേമനിധിയില്‍ അംഗത്വം ലഭിക്കുക.
അംഗങ്ങളാകുന്നവര്‍ക്ക് 60 വയസ്സ് കഴിയുമ്പോള്‍ പെന്‍ഷന്‍, മരണം സംഭവിച്ചാല്‍ ആശ്രിതര്‍ക്ക് പെന്‍ഷന്‍, സ്ഥിരമായ ശാരീരികവൈകല്യം നേരിട്ടാല്‍ പ്രത്യേക സാമ്പത്തിക സഹായം, പ്രത്യേക ചികിത്സാ സഹായം, വനിതാംഗത്തിനും പെണ്‍മക്കള്‍ക്കും വിവാഹ സഹായം എന്നീ ആനുകൂല്യങ്ങളാണ് നല്‍കിവരുന്നത്.