National
ടി ആര്‍ പി തട്ടിപ്പ്; അര്‍ണാബും ബി ആര്‍ സി മുന്‍ സി ഇ ഒ. ദാസ്ഗുപ്തയും തമ്മിലുള്ള വാട്‌സാപ്പ് സംഭാഷണങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി | ടി ആര്‍ പി (ടെലിവിഷന്‍ റേറ്റിങ് പോയിന്റ്) തട്ടിപ്പ് കേസില്‍ പുതിയ വഴിത്തിരിവ്. റിപ്പബ്ലിക് ടി വി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയും ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (ബി ആര്‍ സി) മുന്‍ സി ഇ ഒ. പാര്‍തോ ദാസ്ഗുപ്തയും തമ്മിലുള്ള വാട്‌സാപ്പ് സംഭാഷണങ്ങള്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പുറത്തുവിട്ടതോടെയാണിത്. ഗൂഢാലോചനകള്‍, സര്‍ക്കാറില്‍ സ്വാധീനം ചെലുത്താനും മറ്റുമായി മാധ്യമത്തെയും പദവിയെയും ദുരുപയോഗം ചെയ്യല്‍ തുടങ്ങിയവ സംഭാഷണങ്ങളില്‍ വ്യക്തമാണെന്ന് പ്രശാന്ത് ഭൂഷണ്‍ പറയുന്നു. നിയമവാഴ്ച നിലനില്‍ക്കുന്ന ഒരു രാജ്യത്ത് അര്‍ണാബ് ദീര്‍ഘകാലത്തേക്ക് ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ഉറപ്പാണെന്ന് സംഭാഷണങ്ങളുടെ സക്രീന്‍ ഷോട്ടുകള്‍ സഹിതം നല്‍കിയ ട്വീറ്റില്‍ ഭൂഷണ്‍ പറഞ്ഞു.
ഒക്ടോബര്‍ ആറിനാണ് ടി ആര്‍ പി തട്ടിപ്പ് കേസില്‍ മുംബൈ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. റേറ്റിങ് കൂട്ടിക്കാണിക്കുന്നതായി ടെലിവിഷന്‍ റേറ്റിങ് പോയിന്റില്‍ കൃത്രിമം കാണിച്ചുവെന്നാണ് കേസ്. ഹന്‍സ റിസേര്‍ച്ച് കമ്പനിയുടെ പ്രതിനിധിയായ നിതിന്‍ ദിയോകറാണ് റിപ്പബ്ലിക് ടി വിക്കെതിരെ പരാതി നല്‍കിയത്. ബാര്‍കിന് വേണ്ടി റേറ്റിംഗ് ബോക്‌സുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ഹന്‍സ റിസേര്‍ച്ചാണ്. മുന്‍ ജീവനക്കാരുടെ സഹായത്തോടെ ചില ചാനലുകള്‍ ബോക്‌സുകളില്‍ കൃത്രിമം നടത്തുന്നുവെന്ന പരാതി ഹന്‍സ നല്‍കിയതോടെയാണ് തട്ടിപ്പ് പുറത്തായത്.