മഅ്ദനിക്ക് വിദഗ്ധ ചികിത്സ: ഇടപെടുമെന്ന് കാന്തപുരം

Posted on: January 13, 2021 6:35 pm | Last updated: January 13, 2021 at 6:37 pm

കോഴിക്കോട് | അബ്ദുന്നാസിർ മഅ്ദനിയുടെ ആരോഗ്യാവസ്ഥ വളരെ മോശമായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ കർണാടക മുഖ്യമന്ത്രിയെ കണ്ടു ഈ വിഷയങ്ങൾ ഉണർത്താനായി പ്രത്യേക ദൂതനെ ചുമതലപ്പെടുത്തിയതായി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അറിയിച്ചു. കേരള മുഖ്യമന്ത്രിയുമായും ഈ വിഷയം സംസാരിക്കും.

കഴിഞ്ഞ കുറെ വർഷങ്ങളായി വിചാരണ തടവുകാരനായി കർണാടകയിൽ കഴിയുന്ന അദ്ദേഹത്തിന് വേണ്ടി സാധ്യമായ വിധത്തിലെല്ലാം നേരത്തെയും ഇടപെട്ടിട്ടുണ്ട്. മുൻ കർണ്ണാടക മുഖ്യമന്ത്രിയെ നേരിൽ കണ്ടുതന്നെ ഇക്കാര്യം ചർച്ച ചെയ്തിരുന്നു.

വിദഗ്ധ ചികിത്സ ഉറപ്പാക്കാനും ആവശ്യമെങ്കിൽ കേരളത്തിൽ വെച്ച് ചികിത്സ ലഭ്യമാക്കാനും വേണ്ടി ഇടപെടലുകൾ നടത്താനഭ്യർഥിച്ചു അൽ അൻവാർ ജസ്റ്റിസ് ആൻഡ് വെൽഫെയർ അസോസിയേഷൻ പ്രതിനിധികൾ സന്ദർശിച്ചിരുന്നു. രാവിലെ പി ഡി പി പ്രതിനിധികളും ഈയാവശ്യാർത്ഥം വന്നു ചർച്ച നടത്തിയിരുന്നു.

മഅ്ദനിയുടെ ആരോഗ്യാവസ്ഥ സുഖകരമാകാനും നിയമപരമായ പ്രശ്നങ്ങളിൽ പെട്ടെന്ന് തീർപ്പുണ്ടാകാനും വേണ്ടി എല്ലാവരും പ്രാർത്ഥന നടത്തണമെന്നും കാന്തപുരം അറിയിച്ചു.