ബെംഗളുരു- നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം സമനിലയില്‍ പിരിഞ്ഞു

Posted on: January 12, 2021 10:50 pm | Last updated: January 13, 2021 at 8:04 am

വാസ്‌കോ | ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ് സിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലുള്ള മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. നോര്‍ത്ത് ഈസ്റ്റിനായി ലൂയിസ് മഷാഡോയും ബെംഗളൂരുവിനായി രാഹുല്‍ ഭേക്കെയും വലകള്‍ കുലുക്കി.നോര്‍ത്ത് ഈസ്റ്റിന്റെ ലാലങ്മാവിയ അപ്പൂയിയ ആണ് ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത്.

ഈ സമനിലയോടെ ബെംഗളൂരു പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്തും നോര്‍ത്ത് ഈസ്റ്റ് ഏഴാം സ്ഥാനത്തും തുടരുന്നു. മലയാളി താരം സുഹൈര്‍ ഇന്ന് നോര്‍ത്ത് ഈസ്റ്റിന്റെ ആദ്യ ഇലവനില്‍ ഇടം നേടി. പന്ത് കൈവശം വെയ്ക്കുന്നതില്‍ ബെംഗളൂരുവാണ് മുന്നിട്ടുനിന്നതെങ്കിലും അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കും കഴിഞ്ഞില്ല.

എന്നാല്‍ 20 മിനിട്ടുകള്‍ക്ക് ശേഷം നോര്‍ത്ത് ഈസ്റ്റ് പതിയെ കളിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ തുടങ്ങി. ബോക്സുവരെ പന്തെത്തുന്നുണ്ടെങ്കിലും ഗോളായി മാറ്റാന്‍ സാധിച്ചില്ല.
27-ാം മിനിട്ടില്‍ ് നോര്‍ത്ത് ഈസ്റ്റ് ഗോള്‍ നേടി. ലൂയിസ് മഷാഡോയാണ് ടീമിനായി ഗോള്‍ നേടിയത്. ബോക്സിനുള്ളില്‍ വെച്ച് ഗല്ലെഗോയ്ക്ക് മലയാളിതാരം സുഹൈര്‍ പാസ് നല്‍കി. വലയിലേക്ക് ഗല്ലെഗോ ഷോട്ടുതിര്‍ത്തെങ്കിലും അത് കൃത്യമായി കൊണ്ടില്ല. പന്ത് ഒഴിഞ്ഞുമാറി നേരെ മഷാഡോയുടെ കാലിലേക്ക്. അദ്ദേഹം അത് കൃത്യമായി വലയിലെത്തിച്ച് ടീമിന് നിര്‍ണായക ലീഡ് സമ്മാനിച്ചു.രണ്ടാം പകുതി തുടങ്ങിയപ്പോള്‍ തന്നെ ബെംഗളൂരു സമനില ഗോള്‍ കണ്ടെത്തി. 49-ാം മിനിട്ടില്‍ രാഹുല്‍ ഭേക്കെയാണ് ടീമിനായി ഗോള്‍ നേടിയത്.