അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുന്നവർക്ക് 400 ദിർഹം പിഴ

Posted on: January 12, 2021 6:54 pm | Last updated: January 12, 2021 at 6:54 pm

അബുദാബി | ഗതാഗത നിയമങ്ങൾ പാലിക്കാതെ അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നത് വലിയ അപകടങ്ങൾക്കിടയാക്കുമെന്ന് അബുദാബി പോലീസ് കാൽനടയാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി കാൽനടയാത്രികർക്ക് റോഡ് മുറിച്ചുകടക്കുന്നതിനായി പ്രത്യേകം ഏർപെടുത്തിയിട്ടുള്ള ഇടങ്ങൾ ഉപയോഗപ്പെടുത്താൻ പോലീസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. സിഗ്നലുകളിലും മറ്റും അശ്രദ്ധമായും അനുവദനീയമല്ലാത്ത സ്ഥലങ്ങളിലൂടെയും റോഡ് മുറിച്ചുകടക്കുന്നതിൽ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ചും സുരക്ഷിതമായി റോഡ് മുറിച്ചുകടക്കുന്നതിന്റെ മാർഗങ്ങളെക്കുറിച്ചും ബോധവത്കരണം നൽകുന്നതിനുള്ള  വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ അബുദാബി പോലീസ് പങ്കുവെച്ചു.

സീബ്ര ക്രോസിംഗ്, കാൽനട യാത്രികർക്കുള്ള ടണലുകൾ, റോഡ് മുറിച്ചുകടക്കുന്നതിനായി പണിതിട്ടുള്ള പ്രത്യേക മേൽപാലങ്ങൾ മുതലായ റോഡ് സുരക്ഷ ഉറപ്പാക്കുമെന്ന് പോലീസ് ചൂണ്ടിക്കാട്ടി. ഗതാഗത നിയമങ്ങൾ പാലിക്കാതെയും അശ്രദ്ധമായും റോഡ് മുറിച്ച് കടക്കുന്നതിലൂടെയുണ്ടാകുന്ന വിവിധ അപകടങ്ങളുടെ ദൃശ്യങ്ങളും പോലീസ് പങ്കുവെച്ചിട്ടുണ്ട്. അശ്രദ്ധമായും അനുവദനീയമല്ലാത്ത സ്ഥലങ്ങളിലൂടെയും റോഡ് മുറിച്ചുകടക്കുന്നത് കാൽനട യാത്രികർക്കുണ്ടാകുന്ന അപകടങ്ങളുടെ പ്രധാന കാരണമാണെന്ന് പോലീസ് വ്യക്തമാക്കി. ഇതിനാൽ റോഡ് മുറിച്ചുകടക്കുന്നതിനായി, പ്രത്യേകം ഒരുക്കിയിട്ടുള്ള സംവിധാനങ്ങൾ ഉപയോഗിക്കേണ്ടതും, ഗതാഗത നിയമങ്ങൾ പാലിക്കേണ്ടതും വളരെ പ്രധാനമാണെന്ന് പോലീസ് ഓർമപ്പെടുത്തി.

റോഡിലുള്ള ഇത്തരം നിയമലംഘനങ്ങൾ അവ ചെയ്യുന്നവരുടെയും മറ്റുള്ളവരുടെയും ജീവന് ഭീഷണിയുണ്ടാക്കുന്നതാണെന്നും ഇത്തരം ലംഘനങ്ങൾ ഒഴിവാക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് 400 ദിർഹം പിഴ ചുമത്തും. റോഡിലെ അപകടങ്ങൾ കുറക്കുന്നതിനായി കാൽനടയാത്രികരുടെ സുരക്ഷക്കായി ജാഗ്രത പുലർത്താൻ വാഹനമോടിക്കുന്നവരോടും പോലീസ് ആവശ്യപ്പെട്ടു. കാൽനടക്കാർക്ക് റോഡ് മുറിച്ചുകടക്കുന്നതിനായുള്ള ഇടങ്ങളിൽ വാഹനങ്ങൾ കുറഞ്ഞ വേഗതയിൽ ഓടിക്കാനും അത്തരം സ്ഥലങ്ങളിൽ കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാനും ഡ്രൈവർമാരോട് പോലീസ് നിർദേശിച്ചു. കാൽനടയാത്രികരുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിക്കുന്ന ഡ്രൈവർമാർക്ക് 500 ദിർഹം പിഴ ചുമത്തും.