അബുദബിയിൽ എക്സിബിഷനിൽ പങ്കെടുക്കുന്നവർക്ക് ക്വാറന്റൈനിൽ ഇളവ്; ട്രാക്കിംഗ് റിസ്റ്റ്ബാൻഡുകൾ ധരിക്കേണ്ടതില്ല  

Posted on: January 12, 2021 6:48 pm | Last updated: January 12, 2021 at 6:48 pm

അബുദാബി | അടുത്ത മാസം നടക്കുന്ന അന്താരഷ്ട്ര പ്രതിരോധ പ്രദർശനം (ഐഡെക്സ്  2021), നാവിക പ്രതിരോധ പ്രദർശനം (നാവിഡെക്സ് 2021) എന്നിവയിൽ പങ്കെടുക്കുന്നതിന് അബുദാബിയിലെത്തുന്നവർക്ക് പത്ത് ദിവസത്തെ ക്വാറന്റൈൻ നടപടിക്രമത്തിൽ ആരോഗ്യവകുപ്പ് ഇളവ് അനുവദിച്ചതായി അബുദാബി നാഷനൽ എക്സിബിഷൻസ് കമ്പനി (അഡ്‌നെക്) അറിയിച്ചു. പ്രസിഡന്റ‌് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ ഫെബ്രുവരി 21-25 വരെയാണ് പ്രദർശനവും സമ്മേളനവും നടക്കുക.

പ്രദർശനത്തിനും സമ്മേളനത്തിനുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന അന്താരാഷ്ട്ര പ്രതിനിധികളുടെ വരവ് സുഗമമാക്കുന്നതിനായാണ് ക്വാറന്റൈനിൽ ഇളവ് അനുവദിച്ചത്. ക്വാറന്റൈൻ ഒഴിവാക്കുന്നതിന് അന്തർദേശീയ സന്ദർശകർ അവരുടെ ഇവന്റ്ബാഡ്ജ് എ4 വലിപ്പത്തിലുള്ള പേപ്പറിൽ പ്രിൻറ് ചെയ്ത് വിമാനത്താവളത്തിലും അതിർത്തിയിലും ഹാജരാക്കണം. ക്വാറന്റൈനിലെ ഇളവിന് പുറമെ ഇർക്ക് ട്രാക്കിംഗ് റിസ്റ്റ്ബാൻഡുകൾ ധരിക്കേണ്ട ആവശ്യവുമില്ലെന്നും അഡ്‌നെക് അധികൃതർ വ്യക്തമാക്കി.

പ്രതിനിധികളുടെ പ്രവേശനം സുഗമമാക്കുന്നതിനും അവരുടെ പങ്കാളിത്തത്തെ പിന്തുണക്കുന്നതിനുമുള്ള വിശദമായ പ്രോട്ടോകോളുകൾക്ക് യു എ ഇയിലെ വിവിധ അധികാരികളുമായി സഹകരിച്ച് അന്തിമരൂപം നൽകുമെന്ന് സംഘാടകർ അറിയിച്ചു. പ്രദർശനത്തിലും സമ്മേളനത്തിലും പങ്കെടുക്കുന്നവരെ ക്വാറന്റൈൻ കാലയളവിൽ നിന്ന് ഒഴിവാക്കാനുള്ള ആരോഗ്യ വകുപ്പിന്റെ തീരുമാനം അബുദാബി എമിറേറ്റിലെ ബിസിനസ് പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഉപകരിക്കുമെന്ന് അബുദാബി പബ്ലിക് ഹെൽത് സെന്റർ ഡയറക്ടർ ജനറൽ മതർ സഈദ് അൽ നുഐമി പറഞ്ഞു.

എന്നാൽ, നടപടിക്രമങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ അബുദാബിയിൽ പ്രവേശിക്കുന്നതിന് മുമ്പ് കർശനമായ കൊവിഡ് 19 മാർഗനിർദേശങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.