Connect with us

Kerala

കൊടുവള്ളിയില്‍ മത്സരിക്കാനുള്ള മുനീറിന്റെ നീക്കത്തിന് തിരിച്ചടി

Published

|

Last Updated

കോഴിക്കോട് | തിരഞ്ഞെടുപ്പില്‍ മണ്ഡലം മാറാനുള്ള ലീഗ് നിയമസഭാ കക്ഷി നേതാവ് എം കെ മുനീറിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി. രണ്ട് തവണ മത്സരിച്ച് ജയിച്ച കോഴിക്കോട് സൗത്തിന് പകരം കൊടുവള്ളിയില്‍ മത്സരിക്കാനായിരുന്നു മുനീറിന്റെ നീക്കങ്ങള്‍. കുറച്ചുകൂടി സുരക്ഷിത മണ്ഡലം ലക്ഷ്യമിട്ടായിരുന്നു കൊടുവള്ളിയിലേക്ക് മാറാന്‍ മുനീര്‍ തീരുമാനിച്ചത്. പാര്‍ട്ടി നേതൃത്വത്തിനും ഇതിനോട് യോജിപ്പായിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ക്കുന്ന സമീപനമാണ് ഇപ്പോള്‍ കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് നേതൃത്വത്തില്‍ നിന്നുണ്ടായിരിക്കുന്നത്. മണ്ഡലത്തിന് പുറത്തുള്ള ആരും കൊടുവള്ളിയില്‍ സ്ഥാനാര്‍ഥിയായി വരേണ്ടെന്ന് മണ്ഡലം കമ്മിറ്റി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ച് കഴിഞ്ഞു. സ്ഥാനാര്‍ഥിത്വത്തിന് അര്‍ഹരായ നിരവധി നേതാക്കള്‍ മണ്ഡലത്തിലുണ്ടെന്നും ഇവര്‍ പറയുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്തില്‍ കടുത്ത പോരാട്ടത്തിന് ഒടുവിലാണ് ഐ എന്‍ എല്‍ സ്ഥാനാര്‍ഥി എ പി അബ്ദുല്‍ വഹാബിനെ തോല്‍പ്പിച്ച് മുനീര്‍ നിയമസഭയിലെത്തിയത്. എന്നാല്‍ കഴിഞ്ഞ തവണത്തെ സാഹചര്യമല്ല ഇപ്പോള്‍ മണ്ഡലത്തിലുള്ളതെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്തിലെ പല വാര്‍ഡുകളിലും സി പി എം മുന്നേറ്റമുണ്ടായി. ലീഗിന്റെ ചില സിറ്റിംഗ് വാര്‍ഡുകളില്‍ വലിയ വോട്ട് ചോര്‍ച്ചയുമുണ്ടായി. കൂടാതെ ഇത്തവണ സൗത്ത് സീറ്റ് ഐ എന്‍ എല്ലില്‍ നിന്ന് ഇത്തവണ സി പി എം ഏറ്റെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കോഴിക്കോട് നഗരത്തിലെ പ്രമുഖ യുവനേതാവിനെ സൗത്തില്‍ മത്സരിപ്പിക്കാനും സി പി എം നീക്കമുണ്ട്. കൂടാതെ കോഴിക്കോട് സൗത്തില്‍ ലീഗിനുള്ളില്‍ ചില വിഭാഗീയതയും നിലനില്‍ക്കുന്നുണ്ട്. മുനീറിനോട് വിയോജിപ്പുള്ള നിരവധി നേതാക്കള്‍ സൗത്തിലുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോര്‍പറേഷനിലെ സീറ്റ് വിഭജനത്തില്‍ മുനീര്‍ നടത്തിയ ചില ഇടപെടലുകളില്‍ എതിര്‍പ്പുള്ളവരും ഏറെയാണ്. ഈ ഒരു സാഹചര്യത്തിലാണ് അദ്ദേഹം കൊടുവള്ളിയിലേക്ക് മാറാന്‍ നീക്കം നടത്തിയത്.

എന്നാല്‍ ഇത് ലക്ഷ്യം കാണണമെങ്കില്‍ ഇനി മുനീര്‍ കൂടുതല്‍ കഷ്ടപ്പെടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. മണ്ഡലം കമ്മിറ്റിയുടെ നിര്‍ദേശം അവഗണിച്ച് മുനീറിന്റെ സ്ഥാനാര്‍ഥിത്വം അടിച്ചേല്‍പ്പിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. പി ടി എ റഹീന്റേയും കാരട്ട് റസാഖിന്റേയും പേരുകള്‍ തന്നെയാണ് മണ്ഡലത്തില്‍ എല്‍ ഡി എഫിനായി പ്രധാനമായും പരിഗണിക്കുന്നത്. മണ്ഡലത്തില്‍ രാഷ്ട്രീയത്തിന് അതീതം വലിയ വ്യക്തി ബന്ധങ്ങള്‍ ഉള്ളവരാണ് ഇരുവരും. ഇവരെ എതിരിടാന്‍ മണ്ഡലത്തില്‍ തന്നെയുള്ള ഒരു യുവനേതാവിനെ പരിഗണിക്കണമെന്നും ലീഗില്‍ ആവശ്യമുണ്ട്.

വാശിയേറിയ പോരാട്ടത്തിന് ഒടുവിലാണ് ലീഗിന്റെ ഉരുക്കുകോട്ടയായ കൊടുവള്ളിയില്‍ ലീഗ് വിമതനായ കാരാട്ട് റസാഖ് കഴിഞ്ഞ തവണ ചെങ്കൊടി പാറിച്ചത്. ലീഗ് സ്ഥാനാര്‍ഥിയായ എം എ റസാഖിന്റെ തോല്‍വിയില്‍ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയും വലിയ ഒരു കാരണമായിരുന്നു. എം എ റസാഖിനെ നേതൃത്വം കെട്ടിഇറക്കിയതാണെന്നും കെ എം സി സിയുടെ ചില ഭാരവാഹികളാണ് ഇതിന് പിന്നിലെന്നുമെല്ലാം ആരോപണമുണ്ടായിരുന്നു.

Latest