25 കേസുകളില്‍ ഖമറുദ്ദീന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

Posted on: January 12, 2021 7:48 am | Last updated: January 12, 2021 at 1:29 pm

കാസര്‍കോട് | ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പിലെ പ്രതിയായ ലീഗ് നേതാവ് എം സി ഖമറുദ്ദീന്‍ എം എല്‍ എ സമര്‍പ്പിച്ച ജാമ്യാപേക്ഷിയില്‍ ഇന്ന് കോടതി വിധി. ഹൊസ്ദുര്‍ഗ് കോടതിയില്‍ 24 കേസിലും കാസര്‍ഗോഡ് കോടതിയില്‍ ഒരു കേസുമടക്കം 25 കേസുകളിലാണ് വിധി പറയുക. നൂറിലേറെ കേസുള്ള ഖമറുദ്ദീന്‍ അതിനിടെ കൂടുതല്‍ കേസുകളില്‍ രണ്ടു കോടതിയിലും ജാമ്യാപേക്ഷയും നല്‍കിയിട്ടുണ്ട്.

കാസര്‍ഗോഡ് കോടതിയില്‍ പന്ത്രണ്ടും ഹൊസ്ദുര്‍ഗ് കോടതിയില്‍ 21 കേസിലുമാണ് ജാമ്യാപേക്ഷ നല്‍കിയത്. ഇവയില്‍ പിന്നീട് വാദം കേള്‍ക്കും. സമാന സ്വഭാവമുള്ള കേസുകള്‍ ആയതിനാല്‍ ഖമറുദ്ദീന് ജാമ്യം നല്‍കണം എന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം.
ഇതിനിടെ ഖമറുദ്ദീന്‍ ജയിലിലായിട്ട് 56 ദിവസം പിന്നിട്ടു. സ്വഭാവിക ജാമ്യത്തിന് അവകാശമുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞത്.

നേരത്തെ ആദ്യം രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കടുത്ത നിയന്ത്രണങ്ങളോടെയായിരുന്നു ജാമ്യം നല്‍കിയത്. ഇതിനെ തുടര്‍ന്നാണ് കൂടുതല്‍ കേസുകളില്‍ ഖമറുദ്ദീന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.