Connect with us

National

കാര്‍ഷിക നിയമം: സുപ്രീം കോടതിയുടെ നിര്‍ണായക വിധി ഇന്ന്

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹരജികളില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധി ഇന്ന്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. നിയമം താത്കാലികമായി മരവിപ്പിക്കേണ്ടി വരുമെന്നും പ്രശ്‌നം പഠിക്കാന്‍ വിദഗ്ദ സമിതി രൂപവത്ക്കരിക്കുമെന്നും കോടതി ഇന്നലെ വാദത്തിനിടെ വാക്കാല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരം ഒരു സമിതിയുണ്ടാക്കിയാല്‍ സഹകരിക്കാന്‍ പ്രയാസമാണെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ച പറയുന്നത്. ഈ സാഹചര്യത്തില്‍ കോടതി എന്ത് വിധി പുറപ്പെടുവിക്കുമെന്ന് ഏറെ പ്രതീക്ഷയോടെയാണ് ഏവരും ഉറ്റുനോക്കുന്നത്.

കാര്‍ഷിക നിയമങ്ങളില്‍ കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളും തങ്ങളുടെ നിലപാടില്‍ ഒരുപോലെ ഉറച്ചുനില്‍ക്കുകയാണ്. മൂന്ന് നിയമങ്ങളും ധൃതി പിടിച്ച് തയാറാക്കിയതല്ലെന്ന് ഇന്നലെ രാത്രിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. രണ്ട് ദശകത്തിലേറെ നീണ്ട ആലോചനകളുടെ ഫലമാണ്. രാജ്യത്തെ കര്‍ഷകര്‍ നിയമത്തില്‍ സന്തുഷ്ടരാണ്. കൂടുതല്‍ സാധ്യതകള്‍ നിയമം കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ടെന്നും, തെറ്റിദ്ധാരണകള്‍ നീക്കാന്‍ സാധ്യമായതെല്ലാം ചെയ്തുവെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്യുമെന്ന സുപ്രിംകോടതി പരാമര്‍ശത്തെ സംയുക്ത കിസാന്‍ മോര്‍ച്ച സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍, വിദഗ്ധ സമിതിയെന്ന നിര്‍ദേശം തള്ളി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക തന്നെ വേണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.

ഇതിനിടെ, റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ പ്രഖ്യാപിച്ചിരിക്കുന്ന ട്രാക്ടര്‍ റാലി തടയണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പോലീസും ഹരജി സമര്‍പ്പിച്ചിട്ടുണ്ട്.

 

Latest