യു ഡി എഫുമായി സഖ്യത്തിനില്ല; നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാനൊരുങ്ങി വെല്‍ഫെയര്‍ പാര്‍ട്ടി

Posted on: January 10, 2021 12:33 pm | Last updated: January 10, 2021 at 7:55 pm

കോഴിക്കോട്  | നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഖ്യത്തിനില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി . തദ്ദേശ തിരഞ്ഞെടുപ്പില്‍ നീക്കുപോക്കുണ്ടായത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അറിവോടെയാണെന്ന് സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം മാധ്യമങ്ങളോട് പറഞ്ഞു.മതേതര പാര്‍ട്ടികളുടെ പിന്തുണ സ്വീകരിച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കും. വെല്‍ഫെയര്‍ പാര്‍ട്ടി ഒരു മുന്നണിയുടേയും ഭാഗമല്ല.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 40 സീറ്റുകളിലാണ് മത്സരിച്ചത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയ ശേഷമായിരിക്കും ഇത്തവണ മത്സരിക്കുക
തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം കോണ്‍ഗ്രസിനാണ്. മുല്ലപ്പള്ളി രാമചന്ദ്രനാണ് തോല്‍വിക്ക് ഉത്തരവാദി. സാമുദായിക ധ്രുവീകരണത്തിന് മറയാക്കാന്‍ വേണ്ടി ശത്രുതാ പരമായ സമീപനമാണ് സിപിഎം വെല്‍ഫെയര്‍ പാര്‍ട്ടിയോട് സ്വീകരിച്ചതെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു