കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹരജികള്‍ സുപ്രീം കോടതി നാളെ പരിഗണിക്കും

Posted on: January 10, 2021 8:47 am | Last updated: January 10, 2021 at 6:50 pm

ന്യൂഡല്‍ഹി  |  കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹരജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണനക്കെടുക്കും. സംഘടനകളും വ്യക്തികളും നല്‍കിയ ഹരജികളും ഇതില്‍ ഉള്‍പ്പെടും. കര്‍ഷകര്‍ നടത്തുന്ന സമരം സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തുന്നു എന്ന ഹരജി അടക്കം സുപ്രിം കോടതി പരിഗണിക്കും. സംസ്ഥാനങ്ങളില്‍ പഞ്ചാബ് ആണ് കാര്‍ഷിക നിയമങ്ങളുടെ സാധുതയെ പ്രധാനമായും ചോദ്യം ചെയ്യുന്നത്. ബംഗാള്‍, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ വരും ദിവസങ്ങളില്‍ ഇതേ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കും.

നിയമങ്ങള്‍ കര്‍ഷക ക്ഷേമവും സംരക്ഷണവും ഊഹകച്ചവടവും കരിഞ്ചന്തയും ഒഴിവാക്കാനാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രധാന വാദം. എം എസ് പി ഇല്ലാതാകുന്നത്, മണ്ഡികളുടെ പ്രവര്‍ത്തനം നിലക്കുന്നത്, ഫെഡറല്‍ വ്യവസ്ഥയുടെ ലംഘനം മുതലായവ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളും സുപ്രിം കോടതിയില്‍ ചോദ്യം ചെയ്യും. കഴിഞ്ഞ തവണ കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹരജി പരിഗണിച്ചപ്പോള്‍ സമരം നീണ്ടു പോകുന്നതിലെ ആശങ്ക സുപ്രിം കോടതി അറിയിച്ചിരുന്നു.