Connect with us

Editorial

വരുന്നു, ദേശീയ പശുശാസ്ത്ര പരീക്ഷ

Published

|

Last Updated

“പശുവിൻ പാലിൽ സ്വർണമുണ്ട്. ഭൂകമ്പത്തിന് കാരണം ഗോവധമാണ്. ഭോപ്പാൽ വാതക ദുരന്തത്തിൽ വിഷബാധയേൽക്കാതെ രക്ഷപ്പെട്ടവർ ചാണകം തളിച്ച ചുമരുള്ള വീടുകളിൽ താമസിച്ചിരുന്നവരായിരുന്നു. ഗോ മൂത്രം എല്ലാ അസുഖങ്ങൾക്കുമുള്ള മരുന്നാണ്. നാടൻ പശുക്കൾക്ക് വിദേശ ഇനം പശുക്കളേക്കാൾ ബുദ്ധിയുണ്ട്. ബീഫ് കഴിക്കുന്നത് മോശം കർമഫലം ക്ഷണിച്ചുവരുത്തും” -ദേശീയ പശുശാസ്ത്ര പരീക്ഷക്കു വേണ്ടി രാഷ്ട്രീയ കാമധേനു ആയോഗ് പുറത്തിറക്കിയ പാഠ്യപദ്ധതിയിലേതാണ് ഈ ഭാഗങ്ങൾ. ഓൺലൈനായി ഫെബ്രുവരി 25നാണ് പരീക്ഷ നടക്കുന്നത്.

തദ്ദേശീയമായ പശുക്കളെയും അവയുടെ പ്രയോജനങ്ങളെയും കുറിച്ച് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും താത്പര്യമുണ്ടാക്കുന്നതിനാണ് “പശു ശാസ്ത്ര” പരീക്ഷയെന്നാണ് രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ വല്ലഭായ് കാത്തിരിയ പറയുന്നത്. “കാമധേനു ഗോ വിജ്ഞാൻ പ്രചാർ പ്രസാർ എക്‌സാമിനേഷൻ” എന്നായിരിക്കും പ്രൈമറി, സെക്കൻഡറി, കോളജ് തലങ്ങളിലുള്ള വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും സൗജന്യമായി പങ്കെടുക്കാവുന്ന പരീക്ഷയുടെ പേര്. പരീക്ഷയുടെ സിലബസ് രാഷ്ട്രീയ കാമധേനു ആയോഗ് വെബ്സൈറ്റിൽ ലഭിക്കും. ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. പരീക്ഷ നടന്ന് ഏറെ താമസിയാതെ ഫലവും പ്രഖ്യാപിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും മികച്ച വിജയം നേടുന്നവർക്ക് പ്രത്യേക സമ്മാനങ്ങളും നൽകും.

മികച്ച തൊഴിലും വരുമാന മാർഗവുമാണ് പശുവളർത്തൽ. രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയിലും പശുവളർത്തലിന് ഇടമുണ്ട്. ഇതടിസ്ഥാനത്തിൽ പശുവളർത്തലിനെ പ്രോത്സാഹിപ്പിക്കലും ഈ ലക്ഷ്യത്തിൽ പരീക്ഷ സംഘടിപ്പിക്കലും സ്വാഗതാർഹമാണ്. ഇപ്പേരിൽ പക്ഷേ, അശാസ്ത്രീയവും അടിസ്ഥാനരഹിതവുമായ കാര്യങ്ങൾ സർക്കാർ ചെലവിൽ പ്രചരിപ്പിക്കേണ്ടതുണ്ടോ? രാഷ്ട്രീയ കാമധേനു ആയോഗ് പുറത്തിറക്കിയ പാഠ്യപദ്ധതിയിലെ പല ഭാഗങ്ങളും അശാസ്ത്രീയമാണ്. അതിരു കവിഞ്ഞ പശുഭക്തിയുടെ പേരിൽ എന്തും പ്രചരിപ്പിക്കപ്പെടുന്ന ഒരു സ്ഥിതിവിശേഷമാണ് ഇന്ന് രാജ്യത്തുള്ളത്. ഓക്‌സിജൻ ശ്വസിച്ചു ഓക്‌സിജൻ പുറത്തു വിടുന്ന ഏകജീവി പശുവാണെന്നാണല്ലോ ഇതിനിടെ രാജസ്ഥാൻ ഹൈക്കോടതി ജഡ്ജിയായിരുന്ന മഹേഷ് ചന്ദ് അവകാശപ്പെട്ടത്. രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രിയായിരുന്ന വാസുദേവ് ദേവാനിയും ഏറ്റുപിടിച്ചിരുന്നു ഈ വാദഗതി. എന്നാൽ ശാസ്ത്ര വിദഗ്ധർ ഈ വാദം നിഷേധിക്കുകയും അതിന്റെ പൊള്ളത്തരം തുറന്നു കാട്ടുകയും ചെയ്തിട്ടുണ്ട്.
സസ്യങ്ങൾക്കും പ്രകാശസംശ്ലേഷണം നടത്തുന്ന പായലുകൾക്കും പുറമേ ഓക്‌സിജൻ ഉത്പാദിപ്പിച്ചു പുറത്തു വിടുന്ന ഒരു ജീവിയുമില്ലെന്നാണ് ഇതുസംബന്ധമായ പഠനങ്ങളിൽ നിന്നു വ്യക്തമായത്. ഓക്‌സിജൻ ശ്വസിച്ചു കാർബൺ ഡൈ ഓക്‌സൈഡ് പുറന്തള്ളുകയാണ് പശുവടക്കമുള്ള മുഴുവൻ ജീവികളും ചെയ്യുന്നത്. ചില ജീവികൾ പുറന്തള്ളുന്ന വായുവിൽ ഓക്‌സിജൻ അടങ്ങിയിട്ടുണ്ടെന്നത് ശരിയാണ്.

ശ്വസിക്കുന്ന ഓക്‌സിജൻ പൂർണമായും ശ്വാസകോശം ആഗിരണം ചെയ്യാത്തതാണ് ഇതിനു കാരണം. ഇങ്ങനെ ആഗിരണം ചെയ്യപ്പെടാത്ത വായുവാണ് കാർബൺ ഡൈ ഓക്‌സൈഡിനോടൊപ്പം പുറത്തുവരുന്നത്. മൃഗങ്ങൾ ഉത്പാദിപ്പിക്കുന്നവയല്ല, മറിച്ച് ശ്വസിച്ച ശേഷം ഉപയോഗിക്കാതെ പുറന്തള്ളുന്നവയാണ് ഈ ഓക്‌സിജൻ. പശുക്കളിൽ മാത്രമല്ല, മനുഷ്യരടക്കമുള്ള മറ്റു ജീവികളിലും ഇതു കാണപ്പെടുന്നുണ്ട്.
പശു പുറത്തു വിടുന്നത് ഓക്‌സിജൻ മാത്രമാണെന്ന വാദം ശുദ്ധ അസംബന്ധവും അശാസ്ത്രീയവുമാണ്. മാത്രമല്ല, ആഗോളതാപനത്തിന് കാരണമായ ഹരിതഗൃഹ വാതകങ്ങൾ പുറത്തു വിടുന്ന ജീവികളിൽ പശുവിനെ ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഫുഡ് ആൻഡ് അഗ്രികൾച്ചർ ഫൗണ്ടേഷൻ ഉൾപ്പെടുത്തിയിട്ടുമുണ്ട്. പശു ഒരു വർഷത്തിൽ 70 മുതൽ 120 വരെ കിലോ മീഥൈൽ ഹരിതഗൃഹ വാതകം പുറത്തേക്കു വിടുന്നുവെന്നാണ് ഫൗണ്ടേഷന്റെ കണക്ക്. 2,300 കിലോ കാർബൺഡൈ ഓക്‌സൈഡിനു തുല്യമാണിത്. ഭൂകമ്പത്തിന് കാരണം ഗോവധമാണ്, ചാണകം പൂശിയ വീടുകളിൽ താമസിക്കുന്നവർക്ക് വിഷബാധയേൽക്കില്ല തുടങ്ങിയ പ്രചാരണങ്ങളും ഇതുപോലെ അശാസ്ത്രീയമാണ്.
ഒരു ഭാഗത്ത് പ്രത്യേക പാഠ്യപദ്ധതികളിലൂടെയും പരീക്ഷകളിലൂടെയും പശുപരിപാലനത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ സർക്കാറുകൾ ജനങ്ങളെ ബോധവത്കരിക്കുമ്പോൾ, മറു ഭാഗത്ത് പശുക്കൾ കൂട്ടത്തോടെ ചത്തൊടുങ്ങുകയും പൊതു നിരത്തുകളിൽ അലഞ്ഞു തിരിഞ്ഞു യാത്രക്കാർക്കും വാഹനങ്ങൾക്കും പ്രയാസം സൃഷ്ടിക്കുകയും ചെയ്യുന്ന വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. വിശിഷ്യാ ബി ജെ പി ആധിപത്യത്തിലുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന്. യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർ പ്രദേശിലെ ഗോശാലകളിൽ പട്ടിണി കാരണം നൂറുകണക്കിനു പശുക്കൾ ചത്തൊടുങ്ങിയ വാർത്ത ഫോട്ടോ സഹിതം മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. രാജസ്ഥാനിലെ സർക്കാർ ഗോശാലകളിലും പട്ടിണിയും ശുചിത്വമില്ലായ്മയും കാരണം നിരവധി പശുക്കൾ ചത്തൊടുങ്ങി.

ഹരിയാനയിൽ പഞ്ച്കുളക്കടുത്തുള്ള ഗോശാലയിൽ രണ്ട് മാസം മുമ്പ് എഴുപതോളം പശുക്കളാണ് ചത്തത്. ഗോഹത്യ നിരോധിച്ചത് കാരണം കറവ വറ്റിയ പശുക്കളെ കർഷകർ ഉപേക്ഷിക്കുന്നതാണ് അവ റോഡുകളിലും പൊതുസ്ഥലങ്ങളിലും അലഞ്ഞു തിരിയാൻ ഇടയാക്കുന്നത്. കറവില്ലാത്തവയിൽ നിന്ന് യാതൊരു വരുമാനവും ലഭിക്കാത്തതിനാൽ അവയുടെ ആഹാരത്തിനും സംരക്ഷണത്തിനും പണം കണ്ടെത്താൻ പ്രയാസമായതു കൊണ്ടാണ് കർഷകർ ഉപേക്ഷിക്കുന്നത്. അറുക്കാൻ അനുമതിയുണ്ടായിരുന്നെങ്കിൽ പശുക്കൾക്കും കർഷകർക്കും നാടിനും അതു ഗുണകരമാകുമായിരുന്നു. അതുകൊണ്ട് പശു സംരക്ഷണമാകാം. പശു വിജ്ഞാനീയം പരിപോഷിപ്പിക്കുകയുമാകാം. പക്ഷേ അത് പൊതു നൻമയും സ്വസ്ഥതയും ശാസ്ത്രീയതയും മുൻ നിർത്തിയാകണം. അല്ലാതെ പശു രാഷ്ട്രീയത്തിന്റെ ഭാഗമാകരുത്.

Latest