Connect with us

Ongoing News

ഈസ്റ്റ് ബംഗാളിന് മുന്നിലും മുട്ടുമടക്കി ബെംഗളൂരു

Published

|

Last Updated

ഫറ്റോര്‍ഡ | ഐ എസ് എല്ലിലെ 52ാം മത്സരത്തില്‍ എസ് സി ഈസ്റ്റ് ബംഗാളിനോടും തോറ്റ് ബെംഗളൂരു എഫ് സി. കളിയുടെ ആദ്യ പകുതിയില്‍ തന്നെ മാറ്റി സ്റ്റീന്‍മാനിലൂടെ ഗോള്‍ നേടാന്‍ ഈസ്റ്റ് ബംഗാളിന് സാധിച്ചു. കിണഞ്ഞുശ്രമിച്ചെങ്കിലും സമനില ഗോള്‍ നേടാന്‍ പോലും ബെംഗളൂരുവിന് സാധിച്ചില്ല.

ഇരുപതാം മിനുട്ടിലാണ് മാറ്റി സ്റ്റീന്‍മാന്നിന്റെ ബൂട്ടില്‍ നിന്ന് വിജയഗോള്‍ പിറന്നത്. നാരായണ്‍ ദാസിന്റെ ക്രോസാണ് മാറ്റി ഗോളാക്കി മാറ്റിയത്. ഇരുപതാം മിനുട്ടില്‍ തന്നെയാണ് മത്സരത്തിലെ ആദ്യ മഞ്ഞക്കാര്‍ഡ് റഫറി ഉയര്‍ത്തിയത്. ബെംഗളൂരുവിന്റെ അജിത് കുമാറിനാണ് മഞ്ഞക്കാര്‍ഡ് ലഭിച്ചത്. തൊട്ടടുത്ത മിനുട്ടില്‍ ബെംഗളൂരുവിന്റെ തന്നെ ദിമസ് ദെല്‍ഗാഡോക്കും മഞ്ഞക്കാര്‍ഡ് ലഭിച്ചു.

ആദ്യ ഗോളിന് ചുക്കാന്‍ പിടിച്ച അങ്കിത് മുഖര്‍ജി 26ാം മിനുട്ടിലും ഈസ്റ്റ് ബംഗാളിനായി ഗോള്‍മുഖം തുറന്നിരുന്നു. പന്തുമായി ബോക്‌സിലേക്ക് പാഞ്ഞെത്തിയ മുഖര്‍ജി, നാരായണ്‍ ദാസിന് കൈമാറിയെങ്കിലും ദാസിന്റെ ഡൈവിംഗ് ഫിനിഷ് ഫലവത്തായില്ല.

78ാം മിനുട്ടില്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവിന്റെ തകര്‍പ്പന്‍ സേവ് ഇല്ലായിരുന്നുവെങ്കില്‍ ബെംഗളൂരുവിന്റെ പതനം ഏറെ ആഴത്തിലുള്ളതായേനെ. പകരക്കാനായെത്തിയ നംഗ്യാല്‍ ഭൂട്ടിയയുടെ പിഴവ് മുതലാക്കിയ നൈജീരിയന്‍ താരം ബ്രൈറ്റ് എനോബഖറയുടെ തകര്‍പ്പന്‍ ഷോട്ട് ആണ് സന്ധു തട്ടിമാറ്റിയത്. നിശ്ചിത സമയം പൂര്‍ത്തിയായതിനെ തുടര്‍ന്ന് റഫറി ഹരീഷ് കുന്ദു നാല് മിനുട്ട് അധികം സമയം അനുവദിച്ചെങ്കിലും സമനില ഗോള്‍ നേടാന്‍ ബെംഗളൂരുവിന് സാധിച്ചില്ല.

Latest