‘പ്രതിസന്ധി ഘട്ടങ്ങളില്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കുന്നവരെ ജനം തിരിച്ചറിയും’; വി 4 കേരളക്കും കെമാല്‍ പാഷക്കുമെതിരെ മുഖ്യമന്ത്രി

Posted on: January 9, 2021 10:44 am | Last updated: January 9, 2021 at 10:54 pm

തിരുവനന്തപുരം | ഉദ്ഘാടനത്തിന് മുന്നേ വൈറ്റില പാലം തുറന്ന വി 4 കേരളക്കും വിമര്‍ശിച്ച ജസ്റ്റിസ് കെമാല്‍ പാഷക്കും പ്രതിപക്ഷത്തിനുമെതിരെ മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശം. പ്രതിസന്ധികളുടെ ഇടയില്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവരെ ജനം തിരിച്ചറിയുമെന്ന് വൈറ്റില മേല്‍പാലത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

പ്രതിസന്ധിഘട്ടങ്ങളില്‍ കൂടെ നില്‍ക്കാതെ പദ്ധതികള്‍ വിജയിക്കുമ്പോള്‍ അസ്വസ്ഥപ്പെടുന്ന ഒരു വിഭാഗമുണ്ട്. ആസൂത്രണഘട്ടത്തിലോ പ്രതിസന്ധിഘട്ടത്തിലോ ഒരു പ്രശ്‌നമുണ്ടായാല്‍ ഇവരുണ്ടാകില്ല. പദ്ധതി പണമില്ലാതെ മുടങ്ങുമെന്ന അവസ്ഥ വന്നപ്പോള്‍ ഇവര്‍ക്ക് ആത്മരോഷമുണ്ടായില്ല. അഴിമതിയുടെ ഫലമായി തൊട്ടടുത്തുള്ള ഒരു പാലത്തിന് ബലക്കുറവ് അനുഭവപ്പെട്ടപ്പോഴും ഇവരെ എവിടെയും കണ്ടില്ല. എന്നാല്‍ മുടങ്ങിയ പദ്ധതി പ്രതിസന്ധികള്‍ മറികടന്ന് പൂര്‍ത്തീകരിച്ചപ്പോള്‍ കുത്തിത്തിരിപ്പുമായി ഇവര്‍ പ്രത്യക്ഷപ്പെടുന്നത് നാട് കണ്ടു. പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് അതിലൂടെ പ്രശസ്തി നേടുകയെന്ന തന്ത്രം പയറ്റുന്ന ഒരു ചെറിയ ആള്‍ക്കൂട്ടം മാത്രമാണിവര്‍. ഇത് നാട്ടിലെ ജനതയല്ല എന്ന് മനസ്സിലാക്കണം. ഇവരെ ജനാധിപത്യവാദികള്‍ എന്ന് വിളിക്കുന്നതിന്റെ കപടത മനസ്സിലാക്കണമെന്ന് മുഖ്യമന്ത്രി.

ജസ്റ്റിസ് കെമാല്‍ പാഷക്ക് എതിരെയും പേരെടുത്ത് പറയാതെ മുഖ്യമന്ത്രി വിമര്‍ശനം നടത്തി. നീതിപീഠത്തില്‍ ഉന്നതസ്ഥാനം അലങ്കരിച്ചവരൊക്കെ, ഇത്തരം ചെയ്തികള്‍ക്ക് കുട പിടിക്കാന്‍ ഒരുങ്ങിയാലോ ഉത്തരവാദിത്തമില്ലാതെ പ്രതികരിച്ചാലേ സഹതപിക്കുക മാത്രമേ നിര്‍വാഹമുള്ളൂ. പ്രോത്സാഹനം അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനുമാണോ വേണ്ടത് എന്ന് ചിന്തിക്കാന്‍ വേണ്ട വിവേകം അവര്‍ക്കുണ്ടാകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞത്.