Connect with us

National

കർഷക പ്രക്ഷോഭം: എട്ടാം വട്ട ചര്‍ച്ചയും പരാജയം, അടുത്ത ചർച്ച 15ന്

Published

|

Last Updated

ന്യൂഡല്‍ഹി | കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ കേന്ദ്ര സര്‍ക്കാര്‍ ഉറച്ചുനിന്നതോടെ എട്ടാം വട്ട ചര്‍ച്ചയും പരാജയം. അടുത്ത വട്ട ചർച്ച ഈ മാസം 15ന് നടക്കും. നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിൽ കേന്ദ്രം കൃത്യമായ മറുപടി നൽകാതിരുന്നതിനെ തുടർന്ന് കര്‍ഷകര്‍ മൗനം പാലിച്ച് പ്രതിഷേധിച്ചിരുന്നു. നിയമങ്ങള്‍ പിന്‍വലിച്ചാലേ വീട്ടില്‍ പോകുകയുള്ളൂവെന്ന പ്ലക്കാര്‍ഡും കര്‍ഷക സംഘടനാ പ്രതിനിധികള്‍ ചര്‍ച്ചക്കിടെ പ്രദര്‍ശിപ്പിച്ചു.

രാജ്യത്തിന് മൊത്തമുള്ളതാണ് കര്‍ഷക നിയമങ്ങളെന്നും ഹരിയാനക്കും പഞ്ചാബിനും വേണ്ടിയുള്ളത് മാത്രമല്ലെന്നുമുള്ള നിലപാടാണ് ചര്‍ച്ചയുടെ തുടക്കം മുതല്‍ കേന്ദ്രം സ്വീകരിച്ചത്. സംസ്ഥാനങ്ങള്‍ വേണമെങ്കില്‍ സ്വന്തം നിലക്ക് നിയമം നിര്‍മിക്കട്ടെയെന്ന് കര്‍ഷകര്‍ നിലപാട് സ്വീകരിച്ചു. കൃഷി സംസ്ഥാന വിഷയമാണെന്ന് സുപ്രീം കോടതി തന്നെ വിവിധ ഉത്തരവുകളിലൂടെ വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ കാര്‍ഷിക കാര്യങ്ങളില്‍ കേന്ദ്രം ഇടപെടരുതെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടി.

പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാറിന് താത്പര്യമില്ലെന്ന് തോന്നുന്നതായി പ്രതിനിധികള്‍ പറഞ്ഞു. നിരവധി ദിവസങ്ങളായി ചര്‍ച്ച ചെയ്യുന്നു. കൃത്യമായ ഒരുത്തരമാണ് കേന്ദ്രം നല്‍കേണ്ടതെന്നും കര്‍ഷക പ്രതിനിധികള്‍ അറിയിച്ചു. ഇനിയൊരു ചര്‍ച്ചയില്ലെന്നും ഇത് അവസാനത്തേതാണെന്നും കര്‍ഷക സംഘടനകള്‍ നിലപാടെടുത്തിരുന്നു. അതിനാൽ അടുത്ത വട്ട ചർച്ചക്ക് കർഷകർ തയ്യാറാകുമോയെന്നത് വ്യക്തമല്ല.

Latest