കൊവിഡിനെ മാതൃകാപരമായി നേരിട്ടു, ഫെഡറലിസം സംരക്ഷിക്കുന്നതില്‍ മുന്നില്‍: സര്‍ക്കാരിന്റെ നേട്ടങ്ങളിലൂന്നി നയപ്രഖ്യാപനം

Posted on: January 8, 2021 9:47 am | Last updated: January 8, 2021 at 4:15 pm

തിരുവനന്തപുരം | കൊവിഡ് മഹാമാരി സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ ബാധിച്ചതായി ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. നിരവധി വെല്ലുവിളികളാണ് സര്‍ക്കാര്‍ നേരിട്ടത്. മുന്നോട്ടുള്ളത് ദുര്‍ഘട പാതയാണ്. അതും അതിജീവിക്കും. പ്രതികൂല സാഹചര്യത്തിലും കൊവിഡ് ബാധിതര്‍ക്ക് ആശ്വാസ പദ്ധതി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളം. കൊവിഡ് ബാധിതരുടെ എണ്ണം കുറയ്ക്കുകയാണ് സര്‍ക്കാറിന്റെ പ്രഥമ ലക്ഷ്യം. ലോക് ഡൗണ്‍ കാലത്ത് ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പു വരുത്തി. പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ സാര്‍വദേശീയ പ്രശംസ നേടി. ആരോഗ്യ വകുപ്പിനെ നയപ്രഖ്യാപനത്തില്‍ പ്രത്യേകം അഭിനന്ദിച്ചു.

ഫെഡറലിസം സംരക്ഷിക്കുന്നതില്‍ സംസ്ഥാനം മുന്നിലാണ്. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു. 300 കോടിയുടെ സൗജന്യ റേഷന്‍ നല്‍കി. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കൂട്ടി. പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. സുസ്ഥിര വികസനത്തില്‍ കേരളം മുന്‍നിരയിലാണ്. പൗരത്വ ബില്ലില്‍ മാതൃകാപരമായ നടപടി സ്വീകരിച്ചു. സുഭിക്ഷ കേരളം പദ്ധതിക്ക് പുതിയ മുഖം നല്‍കും. കര്‍ഷകര്‍ക്കുള്ള സ്ഥിരം സഹായ പദ്ധതിയായി സുഭിക്ഷയെ മാറ്റും. സമ്പാദ്യ ശീലം വര്‍ധിപ്പിക്കാന്‍ കര്‍ഷക സഞ്ചയികാ പദ്ധതി നടപ്പലാക്കും.

കാര്‍ഷിക നിയമങ്ങള്‍ക്കും കേന്ദ്ര ഏജന്‍സികള്‍ക്കും വിമര്‍ശനം

കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങളെ നയപ്രഖ്യാപനം വിമര്‍ശിച്ചു. കോര്‍പറേറ്റുകളെ സഹായിക്കാനാണ് കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ കൊണ്ടുവന്നിട്ടള്ളത്. മേഖലാ കാര്‍ഷിക കരാറുകള്‍ വാണിജ്യ വിളകളെ തകര്‍ക്കും. റബറിനടക്കും കടുത്ത തിരിച്ചടി നേരിടും. ഇത്തരം കരാറുകളെ കേരളം അപലപിക്കുന്നു. ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയാകുന്ന നയങ്ങളാണ് കേന്ദ്രത്തിന്റെത്.  കര്‍ഷക സമരം രാജ്യത്തെ ഏറ്റവും വലിയ ചെറുത്തുനില്‍പ്പാണ്.

കേന്ദ്ര ഏജന്‍സികള്‍ക്കും നയപ്രഖ്യാപനത്തില്‍ വിമര്‍ശമുണ്ട്. സര്‍ക്കാരിന്റെ അഭിമാന പദ്ധതികള്‍ക്ക് തടയിടാന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമം നടത്തുന്നുവെന്നും കഠിനാധ്വാനികളായ ഉദ്യോഗസ്ഥന്മാരുടെ മനോവീര്യം തകര്‍ക്കുന്നതായും നയപ്രഖ്യാപനത്തില്‍ ആക്ഷേപിച്ചു.