Connect with us

Kerala

ഔഫ് വധക്കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യും

Published

|

Last Updated

കാഞ്ഞങ്ങാട് | എസ് വൈ എസ് പ്രവര്‍ത്തകന്‍ കല്ലൂരാവി പഴയകടപ്പുറത്തെ അബ്ദുല്‍ റഹ്മാന്‍ ഔഫിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയായതോടെ കൂടുതല്‍ പേരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. നേരിട്ട് കൃത്യത്തില്‍ പങ്കാളികളായവരെയാണ് ക്രൈംബ്രാഞ്ച് ഇതിനകം അറസ്റ്റ് ചെയ്തത്. ഘാതകരെ സഹായിച്ചവരെയും ഗൂഡാലോചന നടത്തിയവരെയും കൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ അന്വേഷണം മുന്നോട്ട് പോകുന്നത്.

റിമാന്‍ഡില്‍ കഴിയുന്നതിനിടെ കേസിലെ ഒന്നാംപ്രതി യൂത്ത് ലീഗ് നേതാവ് മുഹമ്മദ് ഇര്‍ഷാദിനെ ആറ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത അന്വേഷണ സംഘത്തിന് കൊലപാതകം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരുന്നു. കൊലക്കുപയോഗിച്ച കത്തി കണ്ടെടുക്കുകയും ചെയ്തു. പിന്നീട് കസ്റ്റഡിയില്‍ കിട്ടിയ രണ്ടാംപ്രതി എം എസ് എഫ് നേതാവ് ഹസന്‍, മൂന്നാംപ്രതി ആഷിര്‍ എന്നിവരെ കൂടി ചോദ്യം ചെയ്തതോടെ പ്രതികളെ സഹായിച്ചവരെക്കുറിച്ചും ഗൂഡാലോചനയില്‍ പങ്കാളികളായവരെക്കുറിച്ചും സൂചനകള്‍ ലഭിച്ചതായാണ് അറിയുന്നത്.

കൊലപാതകം നടന്ന ഉടന്‍ തന്നെ പ്രതികളെ സുരക്ഷിതകേന്ദ്രത്തിലേക്ക് കൊണ്ടുപോയവരെക്കുറിച്ചും കൊലപാതകത്തിന് പ്രേരണനല്‍കുന്ന വിധം വിദേശത്തുനിന്ന് ശബ്ദസന്ദേശം അയച്ച ആളെക്കുറിച്ചും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.നിസാര പരിക്ക് മാത്രമുണ്ടായ ഇര്‍ഷാദിനെ മംഗളൂരു ആശുപത്രിയിലേക്ക് കടത്തിക്കൊണ്ടുപോയവരടക്കം അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലാണ്. കൊലപാതകം നടന്ന ഉടന്‍ പോലീസ് അന്വേഷണത്തെ വഴിതിരിച്ചുവിടാന്‍ മംഗളൂരുവിലെ ആശുപത്രിയില്‍ നിന്ന് വാട്‌സ് ആപിലൂടെ ശബ്ദസന്ദേശമയച്ച ലീഗ് ദേശീയ നേതാവിനെയും ചോദ്യം ചെയ്യാനുള്ള സാധ്യത തെളിയുകയാണ്.

ക്രൈംബ്രാഞ്ച് അന്വേഷണസംഘം രണ്ടും മൂന്നും പ്രതികളെ സംഭവസ്ഥലമായ മുണ്ടത്തോട് റോഡിലെത്തിച്ച് തെളിവെടുപ്പ് നടത്തിയതിന് ശേഷം ഇന്നലെ ഉച്ചയോടെ വീണ്ടും കോടതിയില്‍ ഹാജരാക്കി. മൂന്നുപ്രതികളുടെയും റിമാന്‍ഡ് കോടതി നീട്ടിയിട്ടുണ്ട്. കൊലയ്ക്ക് മുമ്പ് തങ്ങള്‍ ഇരുന്ന സ്ഥലവും മുഖ്യപ്രതി മുഹമ്മദ് ഇര്‍ഷാദ് ഔഫിനെ തടഞ്ഞുവെച്ച് കുത്തിയ ഇടവും മറ്റും രണ്ടുപേരും കൃത്യമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചുകൊടുത്തു. കുത്തേറ്റ് ഔഫ് നിലത്തുവീണപ്പോള്‍ തന്നെ തങ്ങള്‍ ഓടിരക്ഷപ്പെട്ടുവെന്നാണ് ഇവര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്.കൃത്യത്തിന് ശേഷം ഇര്‍ഷാദ് ഇതുവഴി വന്ന ബൈക്കില്‍ രക്ഷപ്പെട്ടതായും ഹസ നും ആഷിറും വെളിപ്പെടുത്തി.

ഇര്‍ഷാദും ഹസനും ക്രിമനല്‍ പശ്ചാത്തലമുള്ളവരാണെന്നതിന്റെ തെളിവുകള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. എല്‍ ഡി എഫിന്റെ ആഹ്ലാദപ്രകടനത്തെ ആക്രമിച്ച സംഘത്തില്‍ ഇര്‍ഷാദുണ്ടായിരുന്നു. വോട്ടുചെയ്യാത്ത ലീഗ് അനുഭാവികളായ കുടുംബത്തെ ആക്രമിക്കുന്നതിന് നേതൃത്വം നല്‍കിയത് ഹസനായിരുന്നുവെന്നും അന്വേണത്തില്‍ തെളിഞ്ഞു. ഔഫ് വധക്കേസ് പ്രതികളെ സമാധാനത്തിന്റെ സന്ദേശവാഹകരായി അവതരിപ്പിക്കാനുള്ള ലീഗ് ശ്രമമാണ് ഇതോടെ പരാജയപ്പെട്ടത്.