കൊവിഡ്; കേരളമുള്‍പ്പെടെ നാല് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ അതീവ ജാഗ്രതാ നിര്‍ദേശം

Posted on: January 7, 2021 9:02 pm | Last updated: January 7, 2021 at 11:42 pm

ന്യൂഡല്‍ഹി | കൊവിഡ് കേസുകളില്‍ സമീപകാലത്തായി വര്‍ധന രേഖപ്പെടുത്തിയ കേരളമുള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അതീവ ജാഗ്രതാ നിര്‍ദേശം. മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാള്‍ എന്നിവയാണ് പട്ടികയിലുള്ള മറ്റ് സംസ്ഥാനങ്ങള്‍. കൊവിഡ് കേസുകള്‍ നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ഈ നാല് സംസ്ഥാനങ്ങള്‍ക്കും അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ 59 ശതമാനവും ഈ നാല് സംസ്ഥാനങ്ങളിലാണെന്ന് രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി. ജനിതക മാറ്റം സംഭവിച്ചതും അതിവേഗത്തില്‍ പടരുന്നതുമായ പുതിയ കൊവിഡ് ഇന്ത്യയിലും എത്തിയ സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണം യാതൊരു കാരണവശാലും കുറയ്ക്കരുത്. ഇതര സംസ്ഥാനങ്ങള്‍ നടപ്പാക്കിയ പരിശോധന, രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്തല്‍, ചികിത്സ എന്നിവ ഉള്‍പ്പെട്ട പദ്ധതി നാല് സംസ്ഥാനങ്ങളിലും കാര്യക്ഷമമായി നടപ്പാക്കണം. മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, സാനിറ്റൈസര്‍ ഉപയോഗം എന്നിവ കൂടുതല്‍ കര്‍ശനമാക്കണമെന്നും ആരോഗ്യ മന്ത്രാലയ സെക്രട്ടറി നിര്‍ദേശിച്ചു.