കിസാന്‍ പരേഡിന്റെ റിഹേഴ്‌സല്‍; ഡല്‍ഹി അതിര്‍ത്തികളെ പ്രകമ്പനം കൊള്ളിച്ച് കര്‍ഷകരുടെ ട്രാക്ടര്‍ റാലി

Posted on: January 7, 2021 8:36 pm | Last updated: January 8, 2021 at 7:07 am

ന്യൂഡല്‍ഹി | ഡല്‍ഹി അതിര്‍ത്തിയിലെ ദേശീയ പാതകള്‍ സ്തംഭിപ്പിച്ച് കര്‍ഷകരുടെ ട്രാക്ടര്‍ റാലി. ആയിരങ്ങളാണ് റാലിയില്‍ സംബന്ധിച്ചത്. ജനുവരി 26ന് റിപ്പബ്ലിക് ദിനത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന കിസാന്‍ പരേഡിനും ട്രാക്ടര്‍ റാലിക്കും മുന്നോടിയായുള്ള റിഹേഴ്‌സലാണ് നടത്തിയതെന്ന് കര്‍ഷകര്‍ പറഞ്ഞു. 26ന്റെ പരിപാടിക്കായി ഹരിയാന, പഞ്ചാബ്, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷക പ്രക്ഷോഭകര്‍ ദേശീയ തലസ്ഥാനത്തേക്ക് നീങ്ങും. റിഹേഴ്‌സല്‍ റാലിയില്‍ 2500ഓളം ട്രാക്ടറുകള്‍ പങ്കെടുത്തുവെന്നാണ് വിവരം.

സിംഗു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളില്‍ നിന്നും ഹരിയാനയിലെ രെവാസനില്‍ നിന്നുമുള്ള ട്രാക്ടറുകള്‍ കിഴക്ക്, പടിഞ്ഞാറ് സമാന്തര ദേശീയ പാതകളിലേക്ക് നീങ്ങുമെന്നും വഴിമധ്യേ സംഗമിക്കുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച അംഗവും രാഷ്ട്രീയ പ്രവര്‍ത്തകനുമായ യോഗേന്ദ്ര യാദവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നവംബര്‍ 26 മുതല്‍ കര്‍ഷക പ്രക്ഷോഭകര്‍ കേന്ദ്രീകരിച്ചിട്ടുള്ള സിംഗു അതിര്‍ത്തിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് യാദവ് ഇക്കാര്യം അറിയിച്ചത്. കര്‍ഷകരുമായി നേരത്തെ സര്‍ക്കാര്‍ നടത്തിയ ഏഴാം ഘട്ട ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. എട്ടാം ഘട്ട ചര്‍ച്ച നാളെ (വെള്ളി) നടക്കും.