ഒ രാജഗോപാലിന് സീറ്റ് ലഭിച്ചേക്കില്ല; പകരം കുമ്മനം

Posted on: January 7, 2021 7:29 pm | Last updated: January 7, 2021 at 11:06 pm

തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടിക്ക് വലിയ സ്വാധീനമുള്ള മണ്ഡലങ്ങളില്‍ നേരത്തെ കളത്തിലിറങ്ങാന്‍ ബി ജെ പദ്ധതി. പാര്‍ട്ടി എ പ്ലസ് മണ്ഡലമായി കാണുന്ന പത്ത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഈ മാസം 11ന് തീരുമാനമാകും. അതിനിടെ ഒ രാജഗോപാല്‍ ഇനി മത്സരിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. പകരം നേമത്ത് കുമ്മനം രാജശേഖരന്‍ ഇറങ്ങും. ഇവിടെ മത്സരിക്കാന്‍ പാര്‍ട്ടിയുടെ നിര്‍ദേശം കുമ്മനത്തിന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി കുമ്മനം നേമത്ത് വാടക വീടെടുത്തു. ആര്‍ എസ് എസിന്റെ താത്പര്യം കൂടി കണക്കിലെടുത്താണ് കുമ്മനത്തെ നേമത്ത് മത്സരിപ്പിക്കാന്‍ നീക്കം നടക്കുന്നത്.

കാട്ടാക്കട  മണ്ഡലത്തിാലാകും മുന്‍ സംസ്ഥാന പ്രസിഡന്റ് പി കെ കൃഷ്ണദാസ് മത്സരിക്കുക. അദ്ദേഹവും കാട്ടകടയില്‍ വാടക വീടെടുത്ത് താമസമാക്കി. ബി ജെ പി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിക്കണോ എന്ന കാര്യത്തില്‍ കേന്ദ്രനേതൃത്വമാണ് തീരുമാനമെടുക്കുക. സംസ്ഥാനത്ത് ആദ്യമായി താമര വിരിഞ്ഞ നേമത്ത് രാജഗോപാലിന് പകരം കുമ്മനം. കരമനക്ക് സമീപത്തുള്ള വാടകവീടാണ് കുമ്മനത്തിനായി കണ്ടെത്തിയത്.

വട്ടിയൂര്‍ക്കാവില്‍ വി വി രാജേഷിന്റെ പേരിനാണ് മുന്‍ഗണന. തിരുവനന്തപുരം സെന്‍ട്രലില്‍ സുരേഷ് ഗോപി, എസ് സുരേഷ്, നടന്‍ കൃഷ്ണകുമാര്‍ ഇവരില്‍ ഒരാളെ പരിഗണിക്കും. പാര്‍ട്ടിയോട് ഇടഞ്ഞ് നില്‍ക്കുന്ന ശോഭാ സുരേന്ദ്രന്റെ പേര് ആദ്യഘട്ടത്തില്‍ എവിടേയും പരിഗണിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. പാലക്കാട് മണ്ഡലത്തില്‍ സന്ദീപ് വാര്യരുടെ പേരിനാണ് മുന്‍ഗണന.