കൊവിഡ് ഭേദമായവരില്‍ പ്രതിരോധ ശേഷി മാസങ്ങളോളം നിലനില്‍ക്കുമെന്ന് പഠനം

Posted on: January 7, 2021 6:21 pm | Last updated: January 7, 2021 at 6:21 pm

ന്യൂയോര്‍ക്ക് | കൊവിഡ് മുക്തരില്‍ സാര്‍സ്-കൊവ്-2 വൈറസ് പകര്‍ത്തുന്ന ഗുരുതര രോഗങ്ങളില്‍ നിന്ന് മാസങ്ങളോളം പ്രതിരോധശേഷിയുണ്ടാകുമെന്ന് പഠനം. ചിലപ്പോള്‍ വര്‍ഷങ്ങളോളം പ്രതിരോധമുണ്ടാകും. 188 കൊവിഡ് രോഗികളുടെ രക്ത സാമ്പിള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍.

ഇവരില്‍ ഭൂരിപക്ഷം കൊവിഡ് മുക്തര്‍ക്കും വീണ്ടും വൈറസ് പകരുന്നത് തടയുന്ന പ്രതിരോധ കോശങ്ങള്‍ ഉണ്ടായിരുന്നു. അമേരിക്കയിലെ ലാ യൊല്ല ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇമ്മ്യൂണോളജിയിലെ പ്രൊഫ.അലസാന്ദ്രോ സെറ്റെ ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ഇമ്മ്യൂണ്‍ മെമ്മറിക്ക് ആവശ്യമായ മെമ്മറി ബി സെല്‍സ്, ഹെല്‍പര്‍ ടി സെല്‍സ്, കില്ലര്‍ ടി സെല്‍സ് എന്നീ ആന്റിബോഡികളെ ഒരേ സമയം ഗവേഷകര്‍ അളന്നിട്ടുണ്ട്.

ജേണല്‍ സയന്‍സില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊവിഡ് മുക്തരില്‍ ആന്റിബോഡികള്‍ കുറയുന്നത് കാണിച്ചുള്ള നേരത്തേ ചില സ്ഥാപനങ്ങള്‍ നടത്തിയ പഠനങ്ങളിലെ ആശങ്കകള്‍ ദൂരീകരിക്കുന്നതുമാണ് പുതിയ പഠനം. ആന്റിബോഡികള്‍ കുറയുന്നത് സാധാരണയാണെന്നും ഇത് വൈകാതെ വന്‍തോതില്‍ വര്‍ധിക്കുമെന്നും തുടര്‍ന്ന് സ്ഥിരത കൈവരിക്കുമെന്നും അലസാന്ദ്രോ സെറ്റെ ചൂണ്ടിക്കാട്ടി.

ALSO READ  കൊറോണവൈറസിന്റെ പുതിയ വകഭേദം: നിലവിലെ വാക്‌സിന്‍ പര്യാപ്തമോ?