പക്ഷിപ്പനി: കേരളം അടക്കം എട്ട് സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം; ഡല്‍ഹിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

Posted on: January 6, 2021 7:06 pm | Last updated: January 6, 2021 at 10:39 pm

ന്യൂഡല്‍ഹി | പക്ഷിപനി പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ഡല്‍ഹിയില്‍ കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ദേശാടന പക്ഷികളാണ് പക്ഷിപനിക്ക് കാരണമെന്ന് മൃഗസംരക്ഷ വകുപ്പ് മന്ത്രി ഗിരിരാജ് സിങ് പറഞ്ഞു.

കേരളത്തിന് പുറമെ രാജസ്ഥാന്‍ , ഹിമാചല്‍, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പത്ത് ദിവസത്തിനുള്ളില്‍ രാജ്യത്ത് ലക്ഷക്കണക്കിന് പക്ഷികള്‍ ചത്തതായാണ് കണക്ക്. ഇതില്‍ കൂടുതലും ദേശാടന പക്ഷികളാണ്.

മധ്യപ്രദേശില്‍ നാനൂറോളം കാക്കകള്‍ ചത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രദേശത്ത് പക്ഷിപ്പനിയുള്ളതായി സ്ഥിരീകരിച്ചു. രോഗ നിയന്ത്രണത്തിന് എല്ലാ നടപടികളും അടിയന്തരമായി സ്വീകരിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ജീവഹാനി സംഭവിക്കുന്ന വന്യ മൃഗങ്ങളുടെ കണക്ക് അറിയിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും നിര്‍ദേശിച്ചു.

പക്ഷിപ്പനിയെ തുടര്‍ന്ന് പല സംസ്ഥാനങ്ങളിലും ഇറച്ചിയും മുട്ടയും വില്‍ക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.