Connect with us

Editorial

സ്വയം നിയന്ത്രണം മാത്രമാണ് പോംവഴി

Published

|

Last Updated

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ നടപടികള്‍ കൂടുതല്‍ കരുതലോടെ മുന്നോട്ട് പോകണമെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന പരിശോധനാ ഫലം. ബ്രിട്ടനില്‍ നിന്നെത്തിയ ആറ് പേര്‍ ജനിതകമാറ്റം വന്ന കൊറോണ വൈറസ് ബാധിതരായെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നും കൃത്യമായി ക്വാറന്റൈന്‍ ചെയ്തിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുമ്പോഴും ജീവന്റെ വിലയുള്ള ജാഗ്രതകൊണ്ട് മാത്രമേ അതിജീവനം സാധ്യമാകൂ എന്ന് ഉറപ്പിക്കേണ്ട ഘട്ടമാണിത്. ആരോഗ്യ പ്രവര്‍ത്തകരുടെയും സര്‍ക്കാര്‍ സംവിധാനത്തിന്റെയും നിര്‍ബന്ധമുണ്ടെങ്കിലേ കരുതലിന് സന്നദ്ധമാകൂ എന്ന നിലപാട് ചിലര്‍ക്കെങ്കിലുമുണ്ട്. ഏത് നിയന്ത്രണവും എന്‍ഫോഴ്‌സ് ചെയ്യേണ്ടി വരുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. കേരളത്തില്‍ കൊവിഡ് പ്രതിരോധത്തില്‍ മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായ മുന്നേറ്റമുണ്ടായത് ഇങ്ങനെ അച്ചടക്കം പാലിക്കാന്‍ സന്നദ്ധരായ മനുഷ്യരുള്ളത് കൊണ്ടാണ്. വലിയ സംവിധാനങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന വികസിത രാജ്യങ്ങള്‍ പോലും വൈറസ് വ്യാപനത്തിന് മുന്നില്‍ പകച്ച് നില്‍ക്കുകയായിരുന്നുവല്ലോ. കേരളം ആദ്യ ഘട്ടത്തില്‍ വൈറസിനെ പൂര്‍ണമായി പിടിച്ചു കെട്ടി. രണ്ടാം ഘട്ടത്തില്‍ പുറത്തു നിന്നുള്ള അനിവാര്യമായ വരവുകള്‍ പ്രതിസന്ധിയുടെ ആഴം കൂട്ടി. മൂന്നാം ഘട്ട വ്യാപനത്തില്‍ അല്‍പ്പം പതറിയെങ്കിലും മരണ നിരക്ക് കുറയ്ക്കാനും പ്രതിദിന രോഗ നിരക്ക് ഗണ്യമായി താഴ്ത്താനും സാധിച്ചു. മതപണ്ഡിതര്‍ അടക്കമുള്ളവര്‍ സര്‍ക്കാറിന് നല്‍കിയ പിന്തുണയും ഭൂരിപക്ഷം ജനങ്ങളും കൈക്കൊണ്ട സ്വയം നിയന്ത്രണങ്ങളും കൊവിഡിനെതിരായ പോരാട്ടത്തില്‍ വലിയ ഗുണഫലമാണ് ഉണ്ടാക്കിയത്. തിരഞ്ഞെടുപ്പ് നടത്തുകയെന്ന വലിയ അപകട സാധ്യത നാം ഏറ്റെടുത്തു. സ്‌കൂളുകള്‍ തുറന്നു. കൂടുതല്‍ ഇളവുകളിലേക്ക് പോകാന്‍ നാം നിര്‍ബന്ധിതരായിരിക്കുന്നു. അപ്പോഴാണ് കൂടുതല്‍ വ്യാപന ശേഷിയുള്ള, കൂടുതല്‍ അപകടകാരിയായ വൈറസിന്റെ പുതിയ ഇനം ഇവിടെയെത്തുന്നത്. കൂടുതല്‍ ജാഗ്രത മാത്രമാണ് പോംവഴി. ജനിതക വകഭേദം വന്ന വൈറസ് പകരാനുള്ള സാധ്യത വളരെ കൂടുതലാണെന്നോര്‍ക്കണം.

വിദേശത്ത് നിന്ന് വന്നവര്‍ അവരുടെ യാത്രാചരിത്രം സ്വമേധയാ വെളിപ്പെടുത്താന്‍ തയ്യാറാകണം. ബ്രിട്ടനില്‍ നിന്ന് വരുന്നവരെ മാത്രം ശ്രദ്ധിച്ചാല്‍ മതിയാകില്ല. ബ്രിട്ടനില്‍ നിന്ന് പുറപ്പെട്ട് മറ്റ് രാജ്യങ്ങളില്‍ തങ്ങി വന്നവരും ഉണ്ടാകാം. മാത്രവുമല്ല കൂടുതല്‍ രാജ്യങ്ങളില്‍ ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. ഇന്ത്യയില്‍ ഇതിനകം 58 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നു. മാസ്‌ക് ധരിക്കുക, ഇടക്കിടെ കൈകള്‍ ശുചിയാക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവ മുമ്പത്തേക്കാള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. പ്രായമുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. റിവേഴ്‌സ് ക്വാറന്റൈന്‍ അനിവാര്യമാണ്. സെല്‍ഫ് ക്വാറന്റൈനും വേണം. ആവശ്യത്തിന് മാത്രമേ പുറത്തിറങ്ങൂ എന്ന് എല്ലാവരും തീരുമാനിക്കണം.

എയര്‍പോര്‍ട്ടിലും സീപോര്‍ട്ടിലും നിരീക്ഷണം കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്. നിലവിലെ കൊറോണ വൈറസിനേക്കാള്‍ പുതിയ വൈറസിന് 70 ശതമാനം വ്യാപനശേഷി കൂടുതലാണെന്ന് ബ്രിട്ടീഷ് ഗവേഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്. വൈറസുകള്‍ക്ക് ഇത്തരം ജനിതക മാറ്റങ്ങള്‍ സ്വാഭാവികമാണ്. ഈ മാറ്റം ആഘാതമേല്‍പ്പിക്കുക വാക്‌സിന്‍, മരുന്ന് ഗവേഷണത്തിലാണ്. ഇപ്പോള്‍ അനുമതി ലഭിച്ച വാക്‌സിനുകള്‍ പുതിയ വകഭേദത്തെ തടഞ്ഞ് നിര്‍ത്തുമോ എന്ന് വ്യക്തമായിട്ടില്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ വ്യാപക വാക്‌സിനേഷനിലേക്ക് നീങ്ങാനിരിക്കെയാണ് ഈ പ്രതിസന്ധി.

ബ്രിട്ടന്റെ അനുഭവത്തില്‍ നിന്ന് നാം പാഠമുള്‍ക്കൊള്ളണം. കൊവിഡ് പ്രതിസന്ധി മറികടന്നുവെന്ന പ്രതീക്ഷയില്‍ പൊതു ഇടങ്ങള്‍ സജീവമായി വരുമ്പോഴായിരുന്നു ജനിതകമാറ്റം സംഭവിച്ച വൈറസ് യു കെയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ പ്രധാന നഗരങ്ങള്‍ ഉള്‍പ്പെടെ പല മേഖലകളും വീണ്ടും ലോക്ക്ഡൗണിലായി. സെപ്തംബര്‍ 20ഓടെയാണ് തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലും ലണ്ടനിലും വൈറസ് അതിവേഗം പടര്‍ന്നു തുടങ്ങിയത്. വിശദമായ ജനിതക ഘടനാ പഠനത്തിലാണ് വ്യാപിക്കുന്നത് ജനിതകമാറ്റം വന്ന വൈറസാണെന്ന് കണ്ടെത്തിയത്. ഒരു ഘട്ടത്തിന് ശേഷം കുറഞ്ഞുവന്നിരുന്ന യു കെയിലെ കൊവിഡ് രോഗികളുടെ എണ്ണം അതോടെ വര്‍ധിക്കാന്‍ തുടങ്ങി. നിലവില്‍ അര ലക്ഷത്തിന് മുകളിലാണ് യു കെയിലെ പ്രതിദിന നിരക്ക്. ആഗസ്റ്റ് ഒന്നിന് വെറും 761 രോഗികളായിരുന്നു പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ജനുവരി രണ്ടിന് ഒറ്റ ദിവസം കൊണ്ട് 57,725 പേര്‍ക്കാണ് രോഗം ബാധിച്ചത്.

ഇതേ പാറ്റേണ്‍ കേരളത്തില്‍ സംഭവിക്കുമെന്ന് ഭീതിപ്പെടുത്തുകയല്ല. പക്ഷേ, ഈ സാധ്യത നാം മുന്നില്‍ കാണണം. കൊവിഡ് അവലോകന യോഗത്തില്‍ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. രാജന്‍ ഖൊബ്രഗഡെ അവതരിപ്പിച്ച റിപ്പോര്‍ട്ട് ചില അപായ സൂചനകള്‍ മുന്നോട്ട് വെച്ചുവെന്നതും ചേര്‍ത്ത് വായിക്കേണ്ടതാണ്. ഈ മാസം പകുതിയോടെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ഒമ്പതിനായിരം വരെ ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചികിത്സയിലുള്ളവരുടെ എണ്ണം 90,000 കടന്നേക്കാം. മരണനിരക്ക് 0.5 ശതമാനമായി ഉയരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. നിലവില്‍ 0.4 ശതമാനമാണ് സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക്. ഇപ്പോള്‍ ശരാശരി 65,000 പേരാണ് ഒരേ സമയം ചികിത്സയിലുള്ളത്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നതും, തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആളുകള്‍ തമ്മില്‍ ഇടപഴകിയതുമാണ് വീണ്ടും രോഗവ്യാപനം രൂക്ഷമാകാന്‍ ഇടയാക്കുന്ന ഘടകങ്ങളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്റിജന്‍ പരിശോധന വര്‍ധിപ്പിക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം. കൊവിഡ് രണ്ടാം ഘട്ട വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്താനും പ്രതിരോധിക്കാനുമായി സാന്ദ്രതാ പഠനം നടത്താനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 18 വയസ്സിന് മുകളിലുള്ള 12,100 പേരിലാണ് പഠനം നടത്തുക.
ഈ നീക്കങ്ങളുടെയെല്ലാം ഫലപ്രാപ്തി സംസ്ഥാനത്തെ മുഴുവന്‍ പേരുടെയും ഇവിടേക്ക് വരുന്നവരുടെയും കൈകളിലാണ്. ഓരോരുത്തരും കൊവിഡ് പോരാളികളായിക്കൊണ്ട് മാത്രമേ നമുക്ക് അതിജീവിക്കാനാകുകയുള്ളൂ. വല്ലാത്ത ഒരു ആലസ്യം നമ്മെ പിടികൂടിയിട്ടുണ്ട്. വാക്‌സിന്‍ വരുമെന്ന അമിതാത്മവിശ്വാസവും ചിലരെ നയിക്കുന്നുണ്ട്. അപകടകരമായ ആലസ്യവും ആത്മവിശ്വാസവുമാണിത്.

Latest