ഭീഷണിപ്പെടുത്തി പണം തട്ടിയ കേസ്; ഛോട്ടാ രാജനും മൂന്ന് കൂട്ടാളികള്‍ക്കും രണ്ട് വര്‍ഷം തടവ്

Posted on: January 4, 2021 4:19 pm | Last updated: January 4, 2021 at 4:19 pm

മുംബൈ | ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ അധോലോക കുറ്റവാളി ഛോട്ടാ രാജനും മൂന്ന് കൂട്ടാളികള്‍ക്കും രണ്ടു വര്‍ഷം തടവ്. സുരേഷ് ഷിന്‍ഡെ, നിഗം, സുമിത് വിജയ് മോര്‍ത എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റുള്ളവര്‍. മുംബൈ സെഷന്‍സ് കോടതിയാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. നനന്ദു വജേക്കര്‍ എന്നയാളില്‍ നിന്ന് 26 കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നാണ് ഛോട്ടാ രാജനും കൂട്ടാളികള്‍ക്കുമെതിരായ പുതിയ കേസ്.

2015-ല്‍ പൂനെയില്‍ ഭൂമി വാങ്ങിയ വജേക്കര്‍ ഇതിന്റെ ഭാഗമായി കച്ചവടത്തിന് ഇടനിലക്കാരനായ പര്‍മാനന്ദ് തക്കാറിന് രണ്ട് കോടി രൂപ കമ്മീഷന്‍ നല്‍കിയിരുന്നു. എന്നാല്‍ കൂടുതല്‍ പണം വേണമെന്ന പര്‍മാനന്ദിന്റെ ആവശ്യം നിരാകരിക്കപ്പെട്ടതോടെ പര്‍മാനന്ദ് ഛോട്ടാ രാജന്റെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് ഛോട്ടാ രാജന്റെ കൂട്ടാളികള്‍ നന്ദു വജേക്കറിനെ ഓഫീസിലെത്തി ഭീഷണിപ്പെടുത്തുകയും 26 കോടി രൂപ ആവശ്യപ്പെടുകയും പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് നന്ദു വജേക്കര്‍ മുംബൈ പോലീസില്‍ പരാതി നല്‍കിയത്.

കൊലപാതകം, കൊലപാതക ശ്രമം, ക്രിമിനല്‍ ഗൂഢാലോചന, പണം തട്ടല്‍ തുടങ്ങിയ വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് തിഹാര്‍ ജയിലില്‍ ജീവപര്യന്തം തടവ് അനുഭവിച്ചു വരികയാണ് ഛോട്ടാ രാജന്‍.